കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് കേന്ദ്ര സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. വധ ഭീക്ഷണി അടക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ഒരുക്കിയത്. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ കഴിഞ്ഞ ദിവസം വെടിവെപ്പ് ഉണ്ടായിരുന്നു. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ വശങ്ങളിലാണ് വെടിയേറ്റിട്ടുള്ളത്.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിന് ശേഷം ആയുധം ഉപേക്ഷിച്ച് സംഘം ഓടിരക്ഷപ്പെട്ടുവെന്ന് ഉവൈസി പറഞ്ഞു. അക്രമികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.പിയിലെത്തിയ ഉവൈസി മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. തന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചെന്നും വാഹനത്തിന്‍റെ ടയർ പഞ്ചറായെന്നും ഉവൈസി എ.എൻ.ഐയോട് പറഞ്ഞു. പിന്നീട് മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്.
''മീററ്റിലെ കിതൗറിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത ശേഷം ഞാൻ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ച് രണ്ടുപേർ എന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചു. അവർ മൂന്നോ നാലോ പേരുണ്ടായിരുന്നു. എന്റെ വാഹനത്തിന്റെ ടയറുകൾ പഞ്ചറായി. മറ്റൊരു വാഹനത്തിലാണ് ഞാൻ ഡൽഹിയിലേക്ക് മടങ്ങിയത്''-ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.