ഭോപാൽ: 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭോപാലിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ
ഇത്തിഹാദുൽ മുസ്ലീമിൻ (എ.ഐ.എം.ഐ.എം) വ്യത്യസ്തമായൊരു പ്രചാരണ പരിപാടി തുടങ്ങി. ബിരിയാണി ഫെസ്റ്റാണ് പാർട്ടിയുടെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്നത്.
ബിരിയാണി ഫെസ്റ്റിനു പോകുന്ന ആളുകൾക്ക് ബിരിയാണി നൽകുന്നതിനൊപ്പം അവരെ അതിഥി ദേവോ ഭവ എന്ന തത്വ പ്രകാരമാണ് സ്വീകരിക്കുന്നതെന്നും എ.ഐ.എം.ഐ.എം നേതാവും നരേല സീറ്റിൽ നിന്നുള്ള മത്സരാർഥിയുമായ പീർസാദ തൗഖിർ നിസാമി പറഞ്ഞു.
നരേലയിൽ 25,000ത്തിലധികം പേരെ അംഗങ്ങളാക്കിയെന്നും പാർട്ടി അവകാശപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എ.ഐ.എം.ഐ.എമ്മിൽ 10 ലക്ഷത്തിലധികം അംഗങ്ങളെ ചേർക്കാനാണ് ശ്രമം. മധ്യപ്രദേശിൽ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകൾ പാർട്ടിയിൽ ചേർന്നിട്ടുണ്ടെന്ന് നേതാക്കൾ അവകാശപ്പെടുന്നു.
പാർട്ടിയിലേക്ക് ജനങ്ങൾ ആവേശത്തോടെ എത്തുന്നുണ്ട്. ഇന്ത്യയിൽ ഉവൈസി കഴിഞ്ഞാൽ ഹൈദരാബാദി ബിരിയാണിയാണ് ഏറെ പ്രശസ്തം. നരേലയിൽ ജനങ്ങളെ ചേർത്തു നിർത്താൻ ഹൈദരാബാദി ബിരിയാണി നൽകുന്നുവെന്നും നിസാമി പറഞ്ഞു.
2023 ലെ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം മധ്യപ്രദേശിൽ നിന്ന് 50 സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനം. ഈയടുത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏഴ് കൗൺസിലർമാരെ ലഭിച്ചിട്ടുണ്ട്. എ.ഐ.എം.ഐ.എം രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരാണെന്നും രാജ്യത്തിന്റെ അഖണ്ഡത ആഗ്രഹിക്കുന്നവരൊന്നും ഉവൈസിയുടെ പാർട്ടിയിൽ ചേരില്ലെന്നും ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.