ന്യൂഡൽഹി: തേസ്പുരിൽ കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തി. ഇന്ത്യ-ചൈന അതിർത്തിയിലെ നിബിഡവനത്തിൽ നിന്നാണ് വിമാന ഭാഗങ്ങൾ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കുറിച്ചു യാതൊരു വിവരവുമില്ല.
കാണാതായ വിമാനത്തിലെ സൈനികരിൽ ഒരാൾ മലയാളിയാണ്. കോഴിക്കോട് പന്നിയൂർകുളം മേലെ താന്നിക്കാട് അച്ചുദേവ് വ്യോമസേനയിൽ ഫ്ലൈറ്റ് ലഫ്റ്റനൻറാണ്. അച്ചുദേവിനൊപ്പം ഉത്തരേന്ത്യക്കാരനായ സ്ക്വാഡ്രൻ ലീഡറെയും കാണാതായിട്ടുണ്ട്. അഞ്ചാം ക്ലാസുവരെ തിരുവനന്തപുരത്ത് പഠനം നടത്തിയ അച്ചുദേവ് ആറാം ക്ലാസ് മുതൽ ഡറാഡൂണിലെ സൈനിക സ്കൂളിലാണ് പഠിച്ചത്. ഇവിടെ നിന്നാണ് വ്യോമസേനയിലെത്തുന്നത്.
ചൊവ്വാഴ്ച അസമിലെ തേസ്പുരിൽ ഇന്ത്യ-ചൈനീസ് അതിർത്തിയിൽ വെച്ചാണ് രണ്ട് വൈമാനികർക്കു മാത്രം സഞ്ചരിക്കാവുന്ന വിമാനം പരിശീലന പറക്കലിനിടെ കാണാതായത്. തേസ്പൂർ വ്യോമതാവളത്തിൽ നിന്ന് 60 കിലോമീറ്ററോളം അകലെ വെച്ചാണ് വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധം നഷ്ടപ്പെട്ടത്.
ഉടൻതന്നെ വിമാനത്തിനായുള്ള തെരച്ചിൽ വ്യോമസേന ആരംഭിച്ചെങ്കിൽ കണ്ടെത്താനായില്ല. എന്നാൽ, കഴിഞ്ഞ ദിവസം മോശം കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ താൽകാലികമായി രക്ഷാസേന നിർത്തിവെച്ചിരുന്നു.
ചൈന അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരെയാണ് തേസാപൂര്‍ വ്യോമസേനാ താവളം. റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ പോര്‍ വിമാനമാണ് സുഖോയ്-30. വ്യോമസേനക്ക് നഷ്ടമാകുന്ന എട്ടാമത്തെ വിമാനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.