മുംബൈ: 2023ന്റെ ആദ്യ പകുതിയിൽ സർവിസ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ എയർ ഇന്ത്യ 12 വിമാനങ്ങൾ കൂടി പാട്ടത്തിനെടുക്കുന്നു. ആറുവീതം വൈഡ് ബോഡി ബോയ്ങ് 777-300 ഇ.ആർ, നാരോബോഡി എയർബസ് എ 320 നിയോ വിമാനങ്ങളാണ് ഹ്രസ്വ-മധ്യ-ദീർഘദൂര അന്താരാഷ്ട്ര സർവിസിനായി ഉപയോഗിക്കുക.
2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്, എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം 42 വിമാനങ്ങൾ പാട്ടത്തിനെടുത്തിരുന്നു. 15 മാസത്തിനുള്ളിൽ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരിൽ 30 ശതമാനം വിഹിതം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സെപ്റ്റംബറിൽ 30 വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവിസിനെത്തിച്ചിരുന്നു.
പുതുതായി പാട്ടത്തിനെടുക്കുന്ന എ 320 നിയോ വിമാനങ്ങൾ ഹ്രസ്വ- മധ്യദൂര അന്താരാഷ്ട്ര സർവിസിനൊപ്പം ആഭ്യന്തര യാത്രക്കും ഉപയോഗിക്കുമെന്ന് എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദീർഘകാലമായി സർവിസിന് ഉപയോഗിക്കാതിരുന്ന 19 വിമാനങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവിസിന് എത്തിച്ചിരുന്നു. ഇത്തരത്തിലുള്ള ഒമ്പത് വിമാനങ്ങൾ കൂടി ഉടൻ പറന്നുതുടങ്ങും.
എയർ ഇന്ത്യ മാറ്റത്തിന്റെ പാതയിലാണെന്നും ആഭ്യന്തര- അന്താരാഷ്ട്ര റൂട്ടുകളിൽ കൂടുതൽ സാന്നിധ്യം അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ കാംപെൽ വിൽസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.