ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിൽ ശ്വാസം മുട്ടി ഡൽഹി. മൂടൽ മഞ്ഞിൽ മുങ്ങിയപോലെ അന്തരീക്ഷം കലങ്ങിയ ഡൽഹിയിലെ ശ്വാസവായു മലിനീകരണം ‘ഗുരുതര’മെന്ന് അധികൃതർ പ്രഖ്യാപിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഭയന്ന് പ്രൈമറി സ്കൂളുകൾക്ക് അവധി നൽകി. മലിനീകരണ തോത് ഉയരാതിരിക്കാൻ തലസ്ഥാന പരിധിയിൽ ലോറി ഗതാഗതം വിലക്കി. നിർമാണപ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിച്ചു.
അന്തരീക്ഷ വായുവിന്റെ ഗുണമേന്മ സൂചിക (എ.ക്യു.ഐ) അപകടനിലയായ 450 കടന്നതോടെയാണ് ഈ നടപടികൾ. ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, യു.പി നഗരങ്ങളിലും മലിനീകരണ തോത് ഉയർന്നിട്ടുണ്ട്. കാറ്റിന്റെ വേഗക്കുറവ്, മഴയില്ലായ്മ, പാടങ്ങളിലെ വൈക്കോൽ കത്തിക്കൽ എന്നിവയാണ് പ്രധാനമായും അന്തരീക്ഷം മോശമാക്കിയത്. മൂടൽമഞ്ഞ് ഇല്ലാതിരുന്നിട്ടു കൂടി 500 മീറ്ററിനപ്പുറം ദൂരക്കാഴ്ച ഇല്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചത്. ശ്വാസം മുട്ടൽ, കണ്ണെരിച്ചിൽ, ചുമ, കഫക്കെട്ട് എന്നിവക്ക് കാരണമാക്കുന്ന മലിനീകരണം ആസ്തമ രോഗികളെയും മറ്റും വല്ലാതെ അലട്ടുന്നുണ്ട്.
വാഹനങ്ങൾ കഴിവതും നിരത്തിലിറക്കരുതെന്നും വീടുകളിൽതന്നെ കഴിയാൻ ശ്രമിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. സാഹചര്യങ്ങൾ ചർച്ചചെയ്യാൻ ഡൽഹി ലഫ്. ഗവർണർ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പരിസ്ഥിതി മന്ത്രി ഗോപാൽ റായ് എന്നിവരുമായി ചർച്ച നടത്തി. അടിയന്തര നിയന്ത്രണ നടപടികൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ബന്ധപ്പെട്ട സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
മലിനീകരണം കുറക്കാനുള്ള ദീർഘകാല നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി അഭ്യർഥിച്ചു. അതേസമയം, മലിനീകരണം വർധിച്ച നേരത്ത് രാഷ്ട്രീയ സഞ്ചാരത്തിലാണ് മുഖ്യമന്ത്രിയെന്നാണ് ബി.ജെ.പിയുടെ വിമർശനം.
ഡൽഹി സർക്കാരോ കേന്ദ്രമോ ആവശ്യമായ മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.