ന്യൂഡല്‍ഹി: രാജ്യത്ത് രൂക്ഷമാവുന്ന വായുമലിനീകരണം നിയന്ത്രിക്കുന്നതിന് കര്‍മപദ്ധതി തയാറാക്കാന്‍ കേന്ദ്ര- സംസ്ഥാന തലങ്ങളില്‍ മേല്‍നോട്ട സമിതികള്‍ രൂപവത്കരിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്. പാരിസ്ഥിതിക അടിയന്തരാവസ്ഥ നേരിടുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകള്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചു.
പഴയ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ നാലു വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനാണ് ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളോട് ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ബെഞ്ച് ആവശ്യപ്പെട്ടത്. വായുമലിനീകരണം ഏറ്റവും ഗുരുതരനിലയില്‍ എത്തിയിരിക്കുന്നു. പാരിസ്ഥിതിക അടിയന്തരാവസ്ഥ മറികടക്കാന്‍ വേണ്ട ത്വരിത നടപടികള്‍ കൈക്കൊള്ളണം. രാത്രി പത്തു മണിക്കും രണ്ടരക്കും ഇടയിലെ മലിനീകരണ തോത് ക്യുബിക് മീറ്ററില്‍ 431 മൈക്രോ ഗ്രാമിനും 251 മൈക്രോഗ്രാമിനും മുകളില്‍ ആണ് എന്ന് വിദഗ്ധര്‍ പറയുന്നതായും ട്രൈബ്യൂണല്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.കൃഷി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നിരവധി നിര്‍ദേശങ്ങളും ഉണ്ട്. എല്ലാ സംസ്ഥാന സമിതികളും പ്രഥമ യോഗത്തില്‍ ഒരു പ്രത്യേക ജില്ലയെ എടുത്ത് കൃഷിക്ക് കൂടുതല്‍ ഊന്നല്‍ കൊടുത്തും കര്‍ഷകര്‍ കൃഷിനിലങ്ങള്‍ കത്തിക്കുന്നത് തടഞ്ഞും മാതൃകാ കാര്‍ഷിക ജില്ലകള്‍ ഒരുക്കണം. കര്‍ഷകര്‍ക്ക് വിളകള്‍ വില്‍ക്കുന്നതിനായി ആനുകൂല്യങ്ങള്‍ അനുവദിക്കണം. വിത്തു വിതക്കുന്നതിനും മറ്റു പണികള്‍ക്കും യന്ത്രങ്ങള്‍ ലഭ്യമാക്കണം. എല്ലാ തരത്തിലുമുള്ള നിര്‍മാണപ്രവൃത്തികളും പൊളിച്ചുമാറ്റലും നിര്‍മാണ സാമഗ്രികളുടെ നീക്കവും താല്‍ക്കാലികമായി നിര്‍ത്തിവെക്കണം. ക്വാറികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സുപ്രീംകോടതി വിമര്‍ശം
ന്യൂഡല്‍ഹി: വായു മലിനീകരണം ഫലപ്രദമായി തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് (സി.പി.സി.ബി) സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. പുകമഞ്ഞുമൂലം ഡല്‍ഹിയിലുണ്ടായ ‘അടിയന്തര’ സാഹചര്യത്തെ നേരിടുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ അധ്യക്ഷതയിലുള്ള ബെഞ്ച് കുറ്റപ്പെടുത്തി. എന്തെങ്കിലും നടപടികള്‍ക്ക് ഇനി ആളുകള്‍ മരിക്കുന്നതുവരെ കാത്തിരിക്കണമോ എന്നും സുപ്രീംകോടതി ചോദിച്ചു. വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഏജന്‍സികളുടെ അലംഭാവമാണ് സ്ഥിതി വഷളാക്കിയതെന്ന് സോളിസിറ്റര്‍ ജനറല്‍ രന്‍ജിത്ത് കുമാര്‍ അറിയിച്ചെങ്കിലും ഈ വാദം അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു. സി.പി.സി.ബിക്ക് വിഷയത്തില്‍ കൃത്യമായ കര്‍മപദ്ധതി വേണമെന്നും അക്കാര്യം കോടതിയെ അറിയിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. സി.പി.സി.ബി ചെയര്‍മാന്‍ എസ്.പി. സിങ്ങും കോടതിയില്‍ ഹാജരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.