കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത സിനിമപ്രവർത്തക ആയിഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരായി. വൈകിട്ട് നാലരയോടെ ലക്ഷദ്വീപ് എസ്.പി ഒാഫീസിലാണ് ഹാജരായത്. എസ്.എസ്.പി ശരത് സിംഗയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചോദ്യം ചെയ്യുക. ചെത്ത്ലത്ത് ദ്വീപ് സ്വദേശിനിയാണ് ആയിഷ.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ 'ബയോവെപൺ' എന്ന പരാമർശം നടത്തിയെന്നതിന്റെ പേരിലാണ് ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തത്. അഭിഭാഷകനൊപ്പമാണ് ശനിയാഴ്ച ഉച്ചക്ക് ആയിഷ കവരത്തിയിലെത്തിയത്. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹൈകോടതി നിർദേശമുള്ളതിനാൽ ചോദ്യം ചെയ്യലിനു ശേഷം മടങ്ങാനാകുമെന്നാണ് വിവരം.
ലക്ഷദ്വീപ് വിഷയത്തിൽ രാജ്യവിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്ന് ആയിഷ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലപാടുകളിൽ ഉറച്ചുനിൽക്കും. തനിക്ക് പറയാനുള്ളത് വിശദീകരിക്കും. കവരത്തിയിൽ എത്തിയത് മുതൽ ദ്വീപിലുള്ളവർ വലിയ പിന്തുണയാണ് നൽകുന്നത്. തങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കേസെടുത്തതു കൊണ്ട് ലക്ഷദ്വീപ് ജനതക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് പിന്തിരിയില്ല. ജനതക്ക് നീതി കിട്ടിയേ പറ്റൂവെന്നും ആയിഷ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.