ന്യൂഡൽഹി: ഉത്തർപ്രദേശിലെ വാരാണസി ലോക്സഭ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് യു.പി ഘടകം അധ്യക്ഷൻ അജയ് റായ് മത്സരിക്കും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാലാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ഇദ്ദേഹമുൾപ്പെടെ 45 പേരാണുള്ളത്.
അജയ് റായ് മൂന്നാം തവണയാണ് മോദിക്കെതിരെ മത്സരിക്കുന്നത്. 2014ലും 2019ലും വൻ ഭൂരിപക്ഷത്തിനാണ് മോദി തെരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശിലെ രാജ്ഗഢിൽ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് മത്സരിക്കും. ജമ്മു-കശ്മീരിലെ ഉധംപുർ മണ്ഡലത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ ലാൽ സിങ് നേരിടും. മഹാരാഷ്ട്രയിലെ നാഗ്പുരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരെ എം.എൽ.എ വികാസ് താക്കറെ മത്സരിക്കും.
തമിഴ്നാട്ടിലെ ശിവഗംഗയിൽ കാർത്തി ചിദംബരം മത്സരിക്കും. മധ്യപ്രദേശിലെ 12ഉം ഉത്തർപ്രദേശിലെ ഒമ്പതും തമിഴ്നാട്ടിലെ ഏഴും മഹാരാഷ്ട്രയിലെ നാലും ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മണിപ്പൂർ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലെ രണ്ടു വീതവും പശ്ചിമ ബംഗാൾ, അസം, അന്തമാൻ-നികോബാർ ഐലൻഡ്, മിസോറം, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമുള്ള സ്ഥാർനാർഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്.
അതേസമയം, അമേത്തി, റായ്ബറേലി മണ്ഡലങ്ങളിൽ സസ്പെൻസ് തുടരുകയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരത്തിനിറങ്ങുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. ഇതുവരെ 183 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.