റായ്പുർ: ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി ഗോത്രവർഗക്കാരനല്ലെന്ന് സംസ്ഥാന സർക്കാർ നിയമിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ. അജിത് ജോഗിക്ക് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനും അദ്ദേഹത്തിെൻറ ഗോത്രവർഗ സംവരണം പിൻവലിക്കാനും സമിതി നിർദേശിച്ചു. ഹൈകോടതിയുടെ ഉത്തരവ് പ്രകാരം പട്ടികജാതി -വർഗ വകുപ്പ് സെക്രട്ടറി ഡി.ഡി സിങ്ങിെൻറ നേതൃത്വത്തിലുള്ള സമിതി ആഗസ്റ്റ് 21നാണ് ജോഗിക്കെതിരായ അന്വേഷണം പൂർത്തിയാക്കിയത്. ഛത്തിസ്ഗഢ് പട്ടിക ജാതി- പട്ടികവകുപ്പ് - പിന്നാക്ക ജാതി നിയമപ്രകാരം ജോഗിക്കെതിരെ നടപടിയെടുക്കാൻ സമിതി ബിലാസ്പുർ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതേ വകുപ്പ് പ്രകാരം അജിത് ജോഗിയുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുക്കാൻ പൊലീസിനോടും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, സംസ്ഥാന മുഖ്യമന്ത്രി ഭൂപേശ് ബാഘേലിെൻറ സ്വാധീനമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അജിത് ജോഗി പ്രതികരിച്ചു. തീരുമാനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും. 1986 വരെ താൻ ഐ.എ.എസുകാരനായിരുന്നപ്പോൾ എെൻറ ജാതിയിൽ ആരും സംശയം ഉന്നയിച്ചിരുന്നില്ല. ഐ.എ.എസ് വിട്ട് രാഷ്ട്രീയത്തിലിറങ്ങി കോൺഗ്രസിെൻറ രാജ്യസഭാംഗം ആയപ്പോഴാണ് ജാതിയെക്കുറിച്ച് ഹൈകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടതെന്ന് ജോഗി ചൂണ്ടിക്കാട്ടി. 2001ലാണ് ബി.ജെ.പി നേതാവും ദേശീയ പട്ടിക വർഗ കമീഷൻ ചെയർമാനുമായ സന്ദകുമാർ സായ്, സന്ത് കുമാർ നെതാം എന്നിവർ ജോഗിയുടെ ഗോത്രവർഗ സംവരണത്തിനെതിരെ ഹൈകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ഹൈകോടതി ദേശീയ പട്ടിക ജാതി-പട്ടിക വർഗ കമീഷന് ജാതി നിർണയിക്കാനോ അന്വേഷണം നടത്താനോ അധികാരമില്ലെന്ന് വിധിച്ചു. ഈ വിധിക്കെതിരെ സായ് കുമാർ നെതാം സുപ്രീംകോടതിയെ സമീപിക്കുകയും 2011 ഒക്ടോബറിൽ ജോഗിയുടെ ജാതി സംബന്ധിച്ച് അന്വേഷണം നടത്താൻ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.