സുനേത്ര പവാർ രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക നൽകുന്നു 

അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാർ രാജ്യസഭയിലേക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിൽ അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാർ പത്രിക നൽകി. എൻ.സി.പിയിലെ പിളർപ്പിനെ തുടർന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ ബാരാമതി സീറ്റിൽ എൻ.ഡി.എ സ്ഥാനാർഥിയായി സുനേത്ര മത്സരിച്ചിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സൂലെക്ക് എതിരെയായിരുന്നു മത്സരം. ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുപ്രിയ ജയിച്ചു. അജിത് പവാറിന് കനത്ത തിരിച്ചടിയായിരുന്നു സുനേത്രയുടെ തോൽവി.

ഒഴിവു വന്ന രാജ്യസഭാ സീറ്റിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുനേത്രയെ രാജ്യസഭയിൽ അയക്കണമെന്നും സഹമന്ത്രി ആക്കണമെന്നും ആവശ്യമുയരുകയായിരുന്നു. നിലവിൽ മൂന്നാം മോദി സർക്കാരിൽ അജിത്ത് പക്ഷത്തിന് സഹമന്ത്രിപദം നൽകാൻ ബി.ജെ.പി തയാറാണ്. കാബിനറ്റ് പദവി ആവശ്യപ്പെട്ട അജിത്ത് പക്ഷം സഹമന്ത്രിപദം സ്വീകരിക്കാൻ തയാറായില്ല.

അതേസമയം, സുനേത്രയെ രാജ്യസഭയിൽ അയക്കുന്നതിൽ പാർട്ടിയിൽ വിയോജിപ്പുണ്ടെന്നാണ് സൂചന. ചഗൻ ഭുജ്ബലാണ് എതിർപ്പ് വ്യക്തമാക്കിയതെന്നാണ് വിവരം. രാജ്യസഭാ സീറ്റിൽ ഭുജ്ബലിന്റെ പേരും ചർച്ചചെയ്തിരുന്നു. നിലവിൽ ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ അംഗമാണ് ഭുജ്ബൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭുജ്ബലിനെ നാസിക്കിൽ മത്സരിപ്പിക്കാൻ അജിത് പക്ഷത്തിൽ ബി.ജെ.പി സമ്മർദ്ദം ചെലുത്തിയിരുന്നു. സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാൻ ഷിൻഡെ പക്ഷ ശിവസേന തയാറാകാത്തതിനെ തുടർന്ന് പിൻമാറുകയായിരുന്നു. 

Tags:    
News Summary - Ajit Pawar's wife Sunetra Pawar to contest for Rajya sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.