മതത്തിന്‍റെ പേരിൽ രാജ്യം വിഭജിക്കപ്പെടരുത്; ഡൽഹിയിൽ ബി.ജെ.പിയോടൊപ്പം മത്സരിക്കാനില്ലെന്ന് അകാലി ദൾ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ബി.ജെ.പിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എൻ.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലി ദൾ. പൗരത്വ ഭേദഗതി നിയമത്തിലും സീറ്റ് വിഭജനത്തിലും ബി.ജെ .പിയുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി തീരുമാനിച്ച ത്. ഏറെക്കാലത്തെ സഖ്യകക്ഷിയായ അകാലി ദളിന്‍റെ നിലപാട് ബി.ജെ.പിക്ക് തിരിച്ചടിയാണ്.

ഞങ്ങൾ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ, നിയമത്തിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നതിനോട് എതിർപ്പാണ്. മതത്തിന്‍റെ പേരിൽ ആരെയെങ്കിലും ഒഴിവാക്കുന്നത് തെറ്റാണ് -അകാലി ദൾ നേതാവ് മഞ്ജീന്ദർ സിങ് സിർസ ഡൽഹിയിൽ പറഞ്ഞു.

ബി.ജെ.പിയുമായി ഏറെക്കാലമായി സഖ്യത്തിലുണ്ട്. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിൽ ഞങ്ങൾ നിലപാട് എടുത്തത് മുതൽ ബി.ജെ.പി തുടർച്ചയായി ഞങ്ങളോട് നിലപാട് മാറ്റാൻ ആവശ്യപ്പെടുകയാണ്. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കും -സിർസ പറഞ്ഞു.

മതത്തിന്‍റെ പേരിൽ രാജ്യം വിഭജിക്കപ്പെടരുതെന്നാണ് ഞങ്ങളുടെ വ്യക്തമായ നിലപാട്. ഈ നിലപാട് മാറ്റുന്നതിനെക്കാൾ ഭേദം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം മത്സരിക്കാതിരിക്കുകയാണ്. രാജ്യം എല്ലാവരുടെയുമാണ്. പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കരുതെന്നും സിർസ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിൽ ഇളവ് അനുവദിക്കുന്നവരുടെ കൂട്ടത്തിൽ മുസ്ലിം മതവിഭാഗത്തെയും ഉൾപ്പെടുത്തണമെന്ന് അകാലി ദളിന്‍റെ രാജ്യസഭ എം.പി നരേഷ് ഗുജ്റാൾ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ബി.ജെ.പിയുമായി ഭിന്നത രൂക്ഷമായത്. എൻ.ഡി.എ സഖ്യത്തിലെ നിരവധി കക്ഷികൾ അസംതൃപ്തിയിലാണെന്നും ഗുജ്റാൾ മുന്നറിയിപ്പ് നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് ചിഹ്നത്തെ സംബന്ധിച്ചും അകാലി ദളും ബി.ജെ.പിയും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. അകാലി ദളിന്‍റെ ത്രാസ് ചിഹ്നത്തിന് പകരം താമര അടയാളത്തിൽ മത്സരിക്കണമെന്ന ബി.ജെ.പി നിർദേശമാണ് ഭിന്നതയുണ്ടാക്കിയത്.

Tags:    
News Summary - Akalis Won't Fight Delhi Polls Over Differences With BJP Over CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.