ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഉത്തർപ്രദേശിലെ 13 ലോക്സഭാ മണ്ഡലങ്ങൾ ബൂത്തിലേക്ക് നീങ്ങുമ്പോൾ എൻ.ഡി.എയുടെ ഏതാനും സിറ്റിങ് സീറ്റുകളിൽ ഇൻഡ്യ സഖ്യത്തിന് ജയസാധ്യത. ഷാജഹാൻപൂർ, ഖേഡി, ഭൗരാഹ്റ, സീതാപൂർ, ഹർദോയി, മിസ്രിഖ്, ഉന്നാവോ, ഫറൂഖാബാദ്, ഇറ്റാവ, കനോജ്, കാൺപൂർ, അക്ബർപൂർ, ബഹ്റൈച്ച് എന്നിവിടങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് 2019ൽ ബി.ജെ.പി പിടിച്ചെടുത്ത കനൗജ് തിരിച്ചുപിടിക്കാൻ സാധ്യതയേറി. സിറ്റിങ് എം.പി സുബ്രത് പാഠകിനെതിരെ അഖിലേഷ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്.
യാദവ ഭൂമി എന്നറിയപ്പെടുന്ന ഇറ്റാവ പട്ടികജാതി സംവരണ മണ്ഡലമാണ് കനൗജിന് പുറമെ സമാജ്വാദി പാർട്ടി ജയപ്രതീക്ഷ പുലർത്തുന്ന മറ്റൊരു സീറ്റ്. ബി.ജെ.പിയുടെ സിറ്റിങ് എം.പി രാം ശങ്കർ കഠേരിയയിൽനിന്ന് സീറ്റ് പിടിച്ചെടുക്കാൻ ബി.എസ്.പി മുൻ ജില്ലാ പ്രസിഡന്റ് ജിതേന്ദ്ര ഡോഹ്റെയെയാണ് എസ്.പി ശട്ടംകെട്ടിയിരിക്കുന്നത്.
സമാജ്വാദി പാർട്ടി സ്ഥാപകനായ മുലായം സിങ് യാദവിന്റെ ജന്മഭൂമിയായ ഇറ്റാവ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നുവെങ്കിലും 2014ലെ മോദി തരംഗത്തിൽ കൈവിട്ടു. 2019ൽ ബി.ജെ.പി സീറ്റ് നിലനിർത്തുകയും ചെയ്തു. 27 ശതമാനം ദലിതുകളുള്ള മണ്ഡലത്തിൽനിന്ന് ബി.എസ്.പി സ്ഥാപകനായ കാൻഷിറാമും ലോക്സഭയിലെത്തിയിട്ടുണ്ട്.
ബി.ജെ.പി 11 സിറ്റിങ് എം.പിമാരെ മത്സരിപ്പിക്കുന്ന ഈ ഘട്ടത്തിൽ കാൺപൂരിലും ബഹ്റൈച്ചിലും മാത്രമാണ് പുതിയ സ്ഥാനാർഥികളെ ഇറക്കിയത്. കാൺപൂരിൽ രമേശ് അവസ്ഥിയും ബഹ്റൈച്ച് പട്ടിക ജാതി മണ്ഡലത്തിൽ അനന്ത് കുമാറുമാണ് സ്ഥാനാർഥികൾ.
ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര ലഖിംപൂർ ഖേഡിയിലും സാക്ഷി മഹാരാജ് ഉന്നാവോയിലും ജനവിധി തേടുന്നുണ്ട്. 2014ലും 2019ലും സാക്ഷിയോട് തോറ്റ മുൻ ഉന്നാവോ എം.പി അന്നു ടണ്ടനാണ് ഇത്തവണയും അദ്ദേഹത്തിന്റെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.