ന്യൂഡല്‍ഹി: പിതാവും പുത്രനും ബന്ധുമിത്രാദികളും ചേരിതിരിഞ്ഞ് നടത്തുന്ന യു.പിയിലെ രാഷ്ട്രീയപ്പോര് തുറന്നയുദ്ധത്തിലേക്ക്. ഭരണം നിലനിര്‍ത്താനുള്ള തന്ത്രത്തിന്‍െറ ഭാഗമായി അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി തുടരുമെന്ന് പിതാവ് മുലായം സിങ് യാദവ് പ്രഖ്യാപിച്ചെങ്കിലും അഖിലേഷിന്‍െറ ബദ്ധശത്രുക്കളായ അമര്‍ സിങ്ങിനെയും ശിവ്പാല്‍ സിങ് യാദവിനെയും താന്‍ ഒരിക്കലും കൈവെടിയില്ളെന്ന് തുറന്നടിക്കുകയും ചെയ്തു. തിങ്കളാഴ്ച ലഖ്നോവില്‍ മുലായം സിങ്ങിന്‍െറ വീട്ടില്‍ നടന്ന സമാജ്വാദി പാര്‍ട്ടിയുടെ സുപ്രധാന യോഗത്തില്‍ 76കാരനായ മുലായം 43കാരനായ മകനുമായി പരസ്യമായി വഴക്കിടുന്നതിന് നാനൂറോളം എം.എല്‍.എമാരും എം.എല്‍.സിമാരും സാക്ഷികളായി.
അമര്‍ സിങ്ങിനും ശിവ്പാല്‍ യാദവിനും എതിരായ നീക്കം വെച്ചുപൊറുപ്പിക്കില്ളെന്ന് വ്യക്തമാക്കിയ മുലായം, അമര്‍ സിങ്ങാണ് തന്നെ ജയിലില്‍ പോകുന്നതില്‍നിന്ന് രക്ഷിച്ചതെന്ന് പറഞ്ഞു. ‘അമറും ശിവ്പാലും എനിക്ക് സഹോദരങ്ങളെപ്പോലെയാണ്. ഈ തമ്മിലടി നിര്‍ത്തണം’- മുലായം കാരണവരെപ്പോലെ പറഞ്ഞു. ശിവ്പാല്‍ ജനകീയ നേതാവാണെന്നും ആളുകളെ തോല്‍പിക്കാനും ജയിപ്പിക്കാനുമുള്ള ശക്തിയുണ്ടെന്നും മുലായം തുടര്‍ന്നു. സ്വന്തം നിലക്ക് തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയുമെന്ന് അഖിലേഷ് വിശ്വസിക്കുന്നുണ്ടെങ്കില്‍ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അഖിലേഷിനെ ഉപദേശിക്കുകയും ചെയ്തു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അഖിലേഷിന്‍െറ ഇളയച്ഛനുമായ ശിവ്പാല്‍ യാദവിന്‍െറ ഊഴമായിരുന്നു അടുത്തത്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് അഖിലേഷ് യാദവ് തന്നോട് പറഞ്ഞിരുന്നുവെന്നും അതുകൊണ്ട്, അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി പകരം മുലായം സിങ് അധികാരമേല്‍ക്കണമെന്നും ശിവ്പാല്‍ യാദവ് ആവശ്യപ്പെട്ടു. അഖിലേഷ് ഇത് ഉടന്‍ നിഷേധിച്ചു. ‘എന്‍െറ മകനെയും ഗംഗാജലത്തെയും പിടിച്ച് ഞാന്‍ ആണയിടുന്നു’ എന്നുപറഞ്ഞ് ശിവ്പാല്‍ യോഗത്തെ ഞെട്ടിച്ചു. ‘അമര്‍ സിങ്ങിന്‍െറ കാലടിയിലെ ചേറിന്‍െറ വില പോലും നിങ്ങള്‍ക്കില്ല’ എന്ന് ശിവ്പാല്‍ അഖിലേഷിനെ അവഹേളിക്കുകയും ചെയ്തു.
ഇതോടെ നേതാക്കള്‍ അഖിലേഷിനെയും ശിവ്പാലിനെയും പിന്തുണച്ച് ഇരുചേരികളായി തുറന്ന യുദ്ധം തുടങ്ങി. യോഗവേദി സംഘര്‍ഷഭരിതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.