യു.പിയില്‍ 17 പിന്നാക്ക സമുദായങ്ങള്‍ പട്ടികജാതിയില്‍

ലഖ്നോ: ഉത്തര്‍പ്രദേശില്‍  17 പിന്നാക്ക സമുദായങ്ങളെക്കൂടി പട്ടികജാതി  പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇത് കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതിക്ക് അയക്കും. 
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നാക്ക വോട്ട് നേടിയെടുക്കാനുള്ള തന്ത്രമാണ്  അഖിലേഷിന്‍െറ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. 

ഒ.ബി.സി പട്ടികയിലുള്ള കാഹര്‍, കശ്യപ്, കെവാത്, നിശാദ്, ബിന്ദ്, ഭാര്‍, പ്രജാപതി, രാജ്ബര്‍, ബതാം, ഗൗര്‍, തുര, മജ്ഹി, മല്ലാ, കുംഹാര്‍, ധീമര്‍, മച്ചുവ (രണ്ടു ഉപജാതികള്‍) എന്നീ ജാതികളെയാണ് പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയത്. ഈ വിഭാഗങ്ങളെ പട്ടികജാതിയിലുള്‍പ്പെടുത്താന്‍ 2013 മാര്‍ച്ചില്‍ നിയമസഭ കേന്ദ്ര സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. 

2004ല്‍ മുലായം സിങ് യാദവ് സര്‍ക്കാറും ഇതേ ആവശ്യമുന്നയിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. 17 ഒ.ബി.സി വിഭാഗങ്ങള്‍ക്ക് പട്ടികജാതി ആനുകൂല്യം നല്‍കി 2005ല്‍ മുലായം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്  ഹൈകോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും തീരുമാനം മരവിപ്പിക്കുകയും ചെയ്തിരുന്നു.

അഖിലേഷിന്‍െറ തീരുമാനം വെറും നാടകവും പ്രീണനവുമാണെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു. 
ഏതെങ്കിലും വിഭാഗത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനു മാത്രമേ കഴിയൂ എന്നതിനാല്‍ ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു.  മുലായം സര്‍ക്കാറിന്‍െറ സമാന നീക്കത്തെ തുടര്‍ന്ന് ഈ വിഭാഗങ്ങള്‍ ഇരുഭാഗത്തും പെടാതെ ത്രിശങ്കുവിലായ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - akhilesh yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.