ലഖ്നോ: സംസ്ഥാന സർക്കാറിനെതിരെ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ മെഗാ പ്രതിഷേധ മാർച്ച് യു.പി പൊലീസ് തടഞ്ഞു. സംസ്ഥാന നിയമസഭയുടെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അഖിലേഷ് മാർച്ച് സംഘടിപ്പിച്ചിരുന്നത്. മാർച്ച് 100 മീറ്റർ പിന്നിട്ടപ്പോഴേക്കും പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. മാർച്ച് നടത്തിയ റൂട്ടിന് അനുമതിയില്ലെന്നാണ് പൊലീസ് ഭാഷ്യം.
അവർക്ക് ജനാധിപത്യപരമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കാം. എന്നാൽ അത് അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതു തന്നെ അധികമാണെന്ന് സമാജ്‍വാദി പാർട്ടിയെ പരിഹസിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഏത് പാർട്ടിക്കാരും ചോദ്യങ്ങൾ ജനാധിപത്യ രീതിയിൽ ചോദിക്കുന്നതിൽ കുഴപ്പമില്ല. ഏത് ജാഥക്കും സമാജ്‌വാദി പാർട്ടി അനുമതി വാങ്ങണം. സമാജ്‌വാദി പാർട്ടി നേതാക്കൾ ക്രമസമാധാനം പാലിക്കുമെന്ന് കരുതുന്നതു തന്നെ കൂടുതലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സമാജ്‍വാദി പാർട്ടി ഓഫീസിൽ നിന്ന് ആരംഭിച്ച് രാജ്ഭവനിലൂടെ ജനറൽ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഗാന്ധി പ്രതിമക്കടുത്തുകൂടെ കടന്ന് വിധാൻ ഭവനിൽ അവസാനിക്കുന്നതാണ് മാർച്ചിന്റെ വഴി. അത് മാറ്റിയിട്ടില്ലെന്ന് പാർട്ടി പറഞ്ഞു. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് അഖിലേഷ് യാദവും പാർട്ടി നേതാക്കളും ഓഫീസിലേക്ക് മടങ്ങി.
ബി.ജെ.പി സർക്കാർ ജനാധിപത്യത്തെ കൊല്ലുകയാണെന്ന് മാർച്ചിന്റെ ദൃശ്യങ്ങൾ സഹിതമുള്ള ട്വീറ്റിൽ പാർട്ടി ആരോപിച്ചു.
ഗതാഗതക്കുരുക്കിന് ഇടയാക്കാത്ത വഴി സ്വീകരിക്കാൻ പാർട്ടി വിസമ്മതിച്ചതിനാലാണ് മാർച്ച് തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അവർ മാർച്ചിന് അനുവാദം വാങ്ങിയിരുന്നില്ല. എന്നിട്ടും, ഗതാഗതക്കുരുക്കിന് കാരണമാകാത്ത റൂട്ട് അവർക്ക് അനുവദിച്ചു. അത് സ്വീകരിക്കാൻ വിസമ്മതിച്ചു. അതിനാൽ മാർച്ച് തടയുകയല്ലാതെ മാർഗമില്ലായിരുന്നു. അവർ അനുവദിച്ച വഴിയിലൂടെ പോയാൽ പ്രശ്‌നമുണ്ടാകില്ലായിരുന്നെന്നും ജോയിന്റ് പൊലീസ് കമ്മീഷണർ പിയൂഷ് മോർദിയ പറഞ്ഞു.
തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, സംസ്ഥാനത്തെ മോശം ക്രമസമാധാന പ്രശ്‌നങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമാജ്‌വാദി പാർട്ടി മാർച്ച് ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.