ശ്രീനഗർ: കശ്മീരിൽ 'ദേശ സുരക്ഷ' കാരണം പറഞ്ഞ് അന്വേഷണമില്ലാതെ ജീവനക്കാരെ പുറത്താക്കി ഗവർണർ. മൂന്നു പേർക്കെതിരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചത്. ഭരണഘടനയുടെ 31 1(2) പ്രകാരം സർക്കാർ ജീവനക്കാരെ നിരുപാധികം പുറത്താക്കാനാകില്ല. അന്വേഷണം നടത്തി തൃപ്തികരമായ കാരണമെന്നു ബോധ്യപ്പെട്ടാലേ നടപടിയെടുക്കാനാവൂ. എന്നാൽ, പ്രസിഡൻറിനോ ഗവർണർക്കോ അന്വേഷണം വേണ്ടെന്ന് ബോധ്യമാകുന്ന പക്ഷം നടപടി ഇതേ വകുപ്പിലെ 31 1(2) (സി) പ്രകാരം സ്വീകരിക്കാം. ഈ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ അധികാരം നൽകി പ്രത്യേക ടാസ്ക് ഫോഴ്സിനെ ഏപ്രിൽ 21ന് ഗവർണർ ചുമതലപ്പെടുത്തിയിരുന്നു. ടാസ്ക് ഫോഴ്സ് നിലവിൽ വന്ന് ഒമ്പതു ദിവസങ്ങൾക്കുള്ളിൽ മൂന്നുപേരെ പുറത്താക്കാനാണ് ഗവർണർക്ക് ശിപാർശ നൽകിയത്. അസി. പ്രഫസർ അബ്ദുൽ ബാരി നായ്ക്, പുൽവാമയിലെ നാഇബ് തഹസിൽദാർ നാസിർ അഹ്മദ് വാനി, സ്കൂൾ അധ്യാപകൻ ഇദ്രീസ് ജാൻ എന്നിവരെയാണ് പിരിച്ചുവിട്ടത്. ദേശ സുരക്ഷ പരിഗണിച്ചായതിനാൽ അന്വേഷണം നടത്തേണ്ടതില്ലെന്ന് ഗവർണർ നൽകിയ ഉത്തരവിൽ പറയുന്നു.
2007ൽ സർവീസിൽ കയറിയ ഇദ്രീസിനെ പൊലീസ് എത്തിയാണ് പുറത്താക്കുന്ന വിവരം അറിയിച്ചത്.
മറ്റു രണ്ടു പേർക്കുമെതിരെ കുറ്റപത്രം സമർപിച്ചിട്ടില്ലെങ്കിലും വിവി ധ കാരണങ്ങളുടെ പേരിൽ ജയിലിലടച്ചിട്ടുണ്ട്. ഭൂമിശാസ്ത്രത്തിൽ അസി. പ്രഫസറായ അബ്ദുൽ ബാരിക്കെതിരെ യു.എ.പി.എ ചുമത്തി കേസ് എടുത്തിട്ടുണ്ട്. എന്നാൽ, പ്രദേശത്തെ ഖനന മാഫിയക്കെതിരെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിനാണ് നടപടിയെന്ന് കുടുംബം കുറ്റപ്പെടുത്തി.
ജമ്മു കശ്മീരിൽ സർക്കാർ ജീവനക്കാരായി 4.5 ലക്ഷം പേരുണ്ട്. ഇവർക്കെതിരെ ഗവർണർ നേരിട്ട് ഇടപെട്ട് നടപടി എടുത്തു തുടങ്ങുന്നത് ഭരണഘടന വിരുദ്ധമാണെന്ന് കശ്മീർ സംയുക്ത തൊഴിലാളി സമിതി പ്രസിഡൻറ് മുഹമ്മദ് റഫീഖ് റാവുത്തർ പറഞ്ഞു.
സംസ്ഥാനത്തെ തൊഴിലാളികൾക്കിടയിൽ കടുത്ത ആശങ്കയുയർത്തുന്നതാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.