തമിഴ്നാട്ടി​ലെ കള്ളക്കുറിച്ചി വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ വീടുകളിലെത്തി മന്ത്രി ഉദയനിധി സ്റ്റാലിൻ ആദരാജ്ഞലിയർപ്പിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു

മദ്യദുരന്തം: മരണ ഗ്രാമമായി കരുണാപുരം

ചെന്നൈ: വ്യാജ മദ്യദുരന്തം നടന്ന കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരം ദലിത് ഗ്രാമത്തിൽ തെരുവുകളിൽ കൂട്ടനിലവിളികളും രോഷപ്രകടനങ്ങളും. 1500ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൂലി തൊഴിലിനും കൃഷിപ്പണിക്കും മറ്റും പോയാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. വിഷമദ്യ ദുരന്തത്തിന്റെ ഇരകളായ 39ൽ 34 പേരും കരുണാപുരം സ്വദേശികളാണ്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന നൂറിലധികം പേരിൽ ഭൂരിഭാഗവും ഇവിടത്തുകാരാണ്. ഗ്രാമത്തിലെ മിക്കവാറും തെരുവുകളും സങ്കടക്കടലായി മാറിയിരിക്കുകയാണ്. മരണം നടന്ന വീടുകൾക്ക് മുന്നിലുയർന്ന തുണിപ്പന്തലുകളിൽ ജനക്കൂട്ടം. ചില വീടുകളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചിരിക്കുന്നു. മറ്റിടങ്ങളിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആംബുലൻസുകളിലെത്തുന്ന മൃതദേഹങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പും. ഉറ്റവരെ നഷ്ടമായ വീട്ടമ്മമാരെയും കുട്ടികളെയും ബന്ധുക്കളും നാട്ടുകാരും ആശ്വസിപ്പിക്കുന്നു. കള്ളക്കുറിച്ചിയിലെങ്ങും ആംബുലൻസുകൾ ചൂളംവിളിച്ച് ചീറിപ്പായുന്നു. ജൂൺ 19ന് കരുണാപുരത്ത് വിഷമദ്യം കഴിച്ച് നാലുപേർ മരിച്ചെന്ന വാർത്തയാണ് ആദ്യം വന്നത്. ഒറ്റരാത്രികൊണ്ട് മരണസംഖ്യ അതിവേഗം 37 ആയി ഉയർന്നു. ഇതോടെ, ഗ്രാമത്തിലെ ജനങ്ങളിൽ കടുത്ത ആശങ്ക പരന്നു. നൂറിലധികം പേരെ പുതുച്ചേരി ജിപ്‌മർ, കള്ളക്കുറിച്ചി, സേലം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വാറ്റുചാരായം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ കാഴ്ച മങ്ങുകയും നെഞ്ചിലും വയറ്റിലും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു. ഉടനടി ആശുപത്രികളിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പാതിവഴിയിൽ തന്നെ പലരും മരിച്ചു. ഗ്രാമത്തിലെ ഒരു മരണാനന്തര ചടങ്ങിൽ പ​ങ്കെടുത്തവരാണ് വിഷമദ്യം കഴിച്ചവരിൽ ഭുരിഭാഗവും. ചൊവ്വാഴ്ച രാത്രി പ്രവീൺ എന്ന യുവാവിനെയാണ് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട്, സുരേഷ് എന്നയാളും മരിച്ചു. മേഖലയിലെ വിവിധ വീടുകളിൽ കഴിഞ്ഞിരുന്നവർ അവശനിലയിലാകുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കള്ളക്കുറിച്ചി ഗോമുകി നദിക്കരയിൽ ഒരേ സ്ഥലത്ത് ചിതയൊരുക്കി 21 പേരുടെ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിച്ചു. തെരുവുകളിലൂടെ അലങ്കരിച്ച വാഹനങ്ങളിൽ വിലാപയാത്രയായാണ് മൃതദേഹങ്ങളെത്തിച്ചത്. വൻ ജനാവലിയാണിതിൽ പ​ങ്കെടുത്തത്. കള്ളക്കുറിച്ചി നഗരസഭയാണ് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

കള്ളക്കുറിച്ചി കൽവരായൻ മലയടിവാര പ്രദേശങ്ങളിലാണ് ചാരായ വാറ്റ് നടന്നിരുന്നത്. പൊലീസിന്റെ ഒത്താശയോടെയാണ് അനധികൃത വാറ്റും ചാരായ വിൽപനയും അരങ്ങേറിയിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരാതിപ്പെടുന്നവരെ വാറ്റുസംഘം ഭീഷണി​പ്പെടുത്തുന്നതും പതിവാണ്. മുഖ്യ പ്രതിയായ ചിന്നദുരൈയെ പൊലീസ് തേടുന്നുണ്ട്. കള്ളചാരായ വിൽപനയുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ മാത്രം 70ഓളം കേസുകളുണ്ട്. ഇയാളുടെ കീഴിൽ മാത്രം പാക്കറ്റ് ചാരായ വിൽപന നടത്തുന്ന 20ഓളം പേരുണ്ട്. ഗ്രാമത്തിലെ പ്രായപൂർത്തിയാകാത്ത മിക്ക ആൺകുട്ടികളും പാക്കറ്റ് ചാരായത്തിനും കഞ്ചാവിനും അടിമകളാണെന്ന് നാട്ടുകാർ പറയുന്നു. 

Tags:    
News Summary - Alcohol tragedy: Karunapuram as a village of death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.