ന്യൂഡല്‍ഹി: എ.എ.പിയിലേക്ക് കൂറുമാറിയ നേതാക്കൾ മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഡല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി, മുസ്തഫാബാദില്‍ നിന്ന് വിജയിച്ച കൗണ്‍സിലര്‍ സബില ബീഗം, ബ്രിജ്പുരിയില്‍ നിന്ന് വിജയിച്ച നസിയ ഖാത്തൂൻ എന്നിവരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
താന്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനകനാണെന്ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ശേഷം അലി മെഹ്ദി പ്രതികരിച്ചു. സ്ഥാനങ്ങള്‍ ആവശ്യമില്ലെന്നും താന്‍ ചെയ്ത തെറ്റിന് രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും ജനങ്ങളോടും മാപ്പ് പറയുന്നതായും മെഹ്ദി പറഞ്ഞു.
കൂറുമാറാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനം ശക്തമാകുകയും മുസ്തഫാബാദില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നുവെന്ന് വ്യക്തമാക്കി മെഹ്ദി രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചുമതലയുള്ള മനു ജെയിന്‍ ഉള്‍പ്പടെ മെഹ്ദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഡല്‍ഹിയില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് എ.എ.പി അംഗത്വം നല്‍കിയത്. ഇതിന് മണിക്കൂറുകള്‍ക്കകം നേതാക്കള്‍ തിരിച്ചുവരികയാണെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു.
15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചായിരുന്നു ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം എ.എ.പി പിടിച്ചെടുത്തത്. 250 വാര്‍ഡുകളില്‍ 134 ഇടത്താണ് എ.എ.പ വിജയിച്ചത്. 104 ഇടത്തായിരുന്നു ബി.ജെ.പിയുടെ ജയം. കോണ്‍ഗ്രസ് ഒമ്പത് ഇടങ്ങളിലും വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.