അലീഗഢ്: അലീഗഢ് മുസ്ലിം സർവകലാശാല വിഷയത്തിൽ തീരുമാനം വൈകുന്നതോടെ വിദ്യാർഥി യൂനിയൻ നിരാഹാര സമരത്തിന്. പ്രതിഷേധം 11 ദിവസം പിന്നിട്ടതോടെയാണ് പുതിയ സമരരീതി ആരംഭിക്കാൻ വിദ്യാർഥി യൂനിയൻ തീരുമാനം.
കോളജിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ട തിവ്രഹിന്ദുത്വ സംഘടനകൾ, വിദ്യാർഥികൾക്കുനേെര അകാരണമായി ലാത്തിവീശിയ പൊലീസുകാർ എന്നിവർക്കെതിരെ നടപടി എടുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഇൗ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല മജിസ്ട്രേറ്റ് ചന്ദ്ര ഭൂഷൻ സിങ്ങിനെയും യൂനിയൻ സമീപിച്ചിട്ടുണ്ട്. അതേസമയം, വാർഷിക പരീക്ഷയെ സമരം ബാധിക്കില്ലെന്ന് യൂനിയൻ ഉറപ്പുനൽകി.
അതിനിടെ, ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ രാംലില മൈതാനത്ത് വെള്ളിയാഴ്ചയും പ്രതിഷേധം നടന്നു. മുഹമ്മദലി ജിന്നയുടെ ചിത്രം കാമ്പസിൽനിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ജിന്നയുടെ ചിത്രം നീക്കം ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് വിശ്വഹിന്ദു പേഴ്സനൽ ബോഡ് പ്രസിഡൻറ് ധർമേന്ദ്ര സിങ് പവാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.