ന്യൂഡൽഹി: ഉത്തർപ്രദേശിലെ അലിഗഢ് നഗരത്തെ 'ഹരിഗഢ്' എന്ന് പുനർനാമകരണം ചെയ്യുന്നതിനായി ജില്ല പഞ്ചായത്ത് സംസ്ഥാന സർക്കാറിന് നിർദേശം നൽകി. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് ഭരണത്തിലെത്തിയ ശേഷം പേര് മാറ്റുന്ന നഗരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ പേരാകും അലിഗഢ്. 2019 ജനുവരിയിൽ കുംഭമേളയോട് അനുബന്ധിച്ചായിരുന്നു അലഹബാദിന്‍റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയത്.
'ഞങ്ങൾ ഇന്നലെ (തിങ്കളാഴ്ച) ജില്ല പഞ്ചായത്ത് ബോർഡ് യോഗം ചേർന്നു. യോഗത്തിൽ ചില നിർദേശങ്ങൾ പാസാക്കി. അലിഗഢിന്‍റെ പേര് 'ഹരിഗഢ്' എന്ന് പുനർനാമകരണം ചെയ്യുക എന്നതായിരുന്നു ആദ്യ നിർദേശം. അത് ഏകകണ്ഠമായാണ് പാസാക്കിയത്. ഞങ്ങൾ അത് മുഖ്യമന്ത്രിക്ക് അയച്ചു. ഇത് അംഗീകരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- അലിഗഢ് ജില്ല പഞ്ചായത്ത് അധ്യക്ഷൻ വിജയ് സിങ് വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ധനിപൂരിലുള്ള എയർസ്ട്രിപ്പിന്റെ പേര് കല്യാൺ സിങ് എയർസ്ട്രിപ് എന്നാക്കി മാറ്റാനും നിർദേശമുണ്ട്. നേരത്തെ നിരവധി സംഘടനകൾ അലിഗഢിന്‍റെ പേരുമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ക്ഷത്രിയ മഹാസഭയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്ത് ഭരണസമിതിയിൽ ഈ ആവശ്യം ഉന്നയിച്ചത്.
യു.പി സർക്കാറാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. യു.പിയിൽ അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കങ്ങളെന്നതാണ് ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.