കൊൽക്കത്ത: പശ്ചിമബംഗാളിലെ ഭബാനിപൂർ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന മണ്ഡലമാണ് ഭബാനിപൂർ. ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാളാണ് എതിർ സ്ഥാനാർഥി. സി.പി.എമ്മിന്റെ ശ്രീജിബ് ബിശ്വാസും മത്സര രംഗത്തുണ്ട്. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെ തുടർന്നാണ് മമത സ്വന്തം മണ്ഡലമായ ഭബാനിപൂരിൽനിന്ന് ജനവിധി തേടിയത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ മന്ത്രിസ്ഥാനത്തെത്തിയാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.
21 ഘട്ടങ്ങളാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷ കർശനമാക്കി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏർപ്പെടുത്തുകയും 24 കമ്പനി കേന്ദ്ര സേനയെയും ഭവാനിപൂരിൽ വിന്യസിക്കുകയും ചെയ്തു.
ഭബാനിപൂരിന് പുറമെ സംസർഗഞ്ച്, ജാൻഗിപുർ എന്നിവിടങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 57 ശതമാനമാണ് ഭബാനിപൂരിലെ വോട്ടിങ് ശതമാനം. സംസർഗഞ്ചിൽ 79ഉം ജാൻഗിപുരിൽ 77 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.