ഹൈദരാബാദ്: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലും ബാങ്ക് നിയമഭേദഗതിയിലും പ്രതിഷേധിച്ച് ഈ മാസം 16,17 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂനിയനുകളുടെ പൊതുവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) കൺവീനർ ബി. രാംബാബു പറഞ്ഞു. 13 കോർപറേറ്റ് കമ്പനികൾ വായ്പ കുടിശ്ശികയിനത്തിൽ പൊതുമേഖല ബാങ്കുകൾക്ക് നൽകാനുള്ളത് 2.85 ലക്ഷം കോടിയാണ്. 4.86 ലക്ഷം കോടിയായിരുന്നു ബാധ്യത. ഇതിൽ 1.61 ലക്ഷം കോടി തിരിച്ചടച്ചു. തുടർന്നുള്ളതാണ് 2.85 ലക്ഷം കോടിയുടെ നഷ്ടം. കടക്കെണിയിലായി പൂട്ടിപ്പോകുന്ന ബാങ്കുകളെ രക്ഷപ്പെടുത്താൻ പൊതുമേഖല ബാങ്കുകളെ ഉപയോഗപ്പെടുത്തുന്ന പ്രവണതയും കൂടിവരുകയാണ്.
ഗ്ലോബൽ ട്രസ്റ്റ് ബാങ്ക്, യുനൈറ്റഡ് വെസ്റ്റേൺ ബാങ്ക്, ബാങ്ക് ഓഫ് കാരാഡ് എന്നിവക്ക് പിന്തുണ നൽകേണ്ടി വന്നത് പൊതുമേഖല ബാങ്കുകളാണ്. യെസ് ബാങ്കിനെ നിലനിർത്താൻ എസ്.ബി.ഐയെ ഉപയോഗിച്ചു. തകർച്ചയിലായ രാജ്യത്തെ വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐ.എൽ.ആൻഡ് എഫ്.സിയുടെ ബാധ്യത എസ്.ബി.ഐയിലും എൽ.ഐ.സിയിലുമാണ് വന്നത്. ഈ സാഹചര്യത്തിൽ പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്നും യൂനിയൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.