മഹാവികാസ്​ അഘാഡിയിൽ  പൊട്ടിത്തെറി

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ്​ അഘാഡിയിൽ (എം.വി.എ) വിള്ളൽ. തർക്കത്തിലിരുന്ന രണ്ട്​ സീറ്റുകളടക്കം 17 മണ്ഡലങ്ങളിലേക്ക്​ ഉദ്ധവ്​ താക്കറെ പക്ഷ ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ്​ പ്രകോപനം. എം.വി.എയിൽനിന്ന്​ അനുകൂല പ്രതികരണം ലഭിക്കാത്തതിനെതുടർന്ന്​ പ്രകാശ്​ അംബേദ്​കറുടെ വഞ്ചിത്​ ബഹുജൻ അഘാഡിയും (വി.ബി.എ) എട്ട്​ സീറ്റുകളിലേക്ക്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കോൺഗ്രസുമായി തർക്കം തുടരുന്ന സാൻഗ്​ളി, മുംബൈ നോർത്ത് -വെസ്റ്റ്​ സീറ്റുകളിലടക്കമാണ്​ ഉദ്ധവ്​ പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്​. ഉദ്ധവ്​ പക്ഷം സഖ്യമര്യാദ പാലിക്കണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കോൺഗ്രസ്​ നേതാവ്​ ബാലാസാഹെബ്​ തോറാട്ട്​ പറഞ്ഞു. മുംബൈ നോർത്ത്​ -വെസ്റ്റ്​ സീറ്റിൽ മത്സരിക്കാൻ കാത്തുനിന്ന കോൺഗ്രസിന്റെ സഞ്ജയ്​ നിരുപമും രൂക്ഷമായാണ്​ പ്രതികരിച്ചത്​. കിച്ചഡി കള്ളന്മാർക്കുവേണ്ടി പ്രവർത്തിക്കാനാകില്ലെന്നും കോൺഗ്രസ്​ ഹൈകമാൻഡ്​ നിലപാട്​ വ്യക്തമാക്കിയില്ലെങ്കിൽ മുന്നിൽ മറ്റ്​ വഴികളുണ്ടെന്നും​ നിരുപം മുന്നറിയിപ്പ്​ നൽകി.

നിരുപമിന്റേത്​ ബി.ജെ.പിയുടെ സ്വരമാണെന്നും പുനഃപരിശോധനയില്ലെന്നുമാണ്​ ഉദ്ധവ്​ പക്ഷ നേതാക്കളായ അരവിന്ദ്​ സാവന്ത്, പ്രിയങ്ക ചതുർവേദി എന്നിവരുടെ മറുപടി. കഴിഞ്ഞതവണ ബി.ജെ.പി സഖ്യത്തിൽ മത്സരിച്ച ശിവസേന 18 സീറ്റുകളാണ്​ ജയിച്ചത്​. ഇവയിൽ ഒരു സീറ്റിലൊഴികെയാണ്​ സ്ഥാനാർഥി പ്രഖ്യാപനം.

കോൺഗ്രസ്​ മത്സരിക്കുന്ന എട്ട്​ സീറ്റുകളിലാണ്​ പ്രകാശ്​ അംബേദ്​കറുടെ വി.ബി.എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്​. അകോലയിൽ പ്രകാശ്​ തന്നെയാണ്​ സ്ഥാനാർഥി. മറാത്ത സംവരണ സമരനായകൻ മനോജ്​ ജാരൻഗെ പാട്ടീലിന്റെ പിന്തുണ വി.ബി.എക്കുണ്ടെന്ന്​ പ്രകാശ്​ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.