മഹാവികാസ് അഘാഡിയിൽ പൊട്ടിത്തെറി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിൽ (എം.വി.എ) വിള്ളൽ. തർക്കത്തിലിരുന്ന രണ്ട് സീറ്റുകളടക്കം 17 മണ്ഡലങ്ങളിലേക്ക് ഉദ്ധവ് താക്കറെ പക്ഷ ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ് പ്രകോപനം. എം.വി.എയിൽനിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനെതുടർന്ന് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയും (വി.ബി.എ) എട്ട് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കോൺഗ്രസുമായി തർക്കം തുടരുന്ന സാൻഗ്ളി, മുംബൈ നോർത്ത് -വെസ്റ്റ് സീറ്റുകളിലടക്കമാണ് ഉദ്ധവ് പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഉദ്ധവ് പക്ഷം സഖ്യമര്യാദ പാലിക്കണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് നേതാവ് ബാലാസാഹെബ് തോറാട്ട് പറഞ്ഞു. മുംബൈ നോർത്ത് -വെസ്റ്റ് സീറ്റിൽ മത്സരിക്കാൻ കാത്തുനിന്ന കോൺഗ്രസിന്റെ സഞ്ജയ് നിരുപമും രൂക്ഷമായാണ് പ്രതികരിച്ചത്. കിച്ചഡി കള്ളന്മാർക്കുവേണ്ടി പ്രവർത്തിക്കാനാകില്ലെന്നും കോൺഗ്രസ് ഹൈകമാൻഡ് നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ മുന്നിൽ മറ്റ് വഴികളുണ്ടെന്നും നിരുപം മുന്നറിയിപ്പ് നൽകി.
നിരുപമിന്റേത് ബി.ജെ.പിയുടെ സ്വരമാണെന്നും പുനഃപരിശോധനയില്ലെന്നുമാണ് ഉദ്ധവ് പക്ഷ നേതാക്കളായ അരവിന്ദ് സാവന്ത്, പ്രിയങ്ക ചതുർവേദി എന്നിവരുടെ മറുപടി. കഴിഞ്ഞതവണ ബി.ജെ.പി സഖ്യത്തിൽ മത്സരിച്ച ശിവസേന 18 സീറ്റുകളാണ് ജയിച്ചത്. ഇവയിൽ ഒരു സീറ്റിലൊഴികെയാണ് സ്ഥാനാർഥി പ്രഖ്യാപനം.
കോൺഗ്രസ് മത്സരിക്കുന്ന എട്ട് സീറ്റുകളിലാണ് പ്രകാശ് അംബേദ്കറുടെ വി.ബി.എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അകോലയിൽ പ്രകാശ് തന്നെയാണ് സ്ഥാനാർഥി. മറാത്ത സംവരണ സമരനായകൻ മനോജ് ജാരൻഗെ പാട്ടീലിന്റെ പിന്തുണ വി.ബി.എക്കുണ്ടെന്ന് പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.