തീവ്രവാദികൾ വളരുന്നത് മദ്​റസകളിലെന്ന മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

ഇന്ദോർ: തീവ്രവാദികൾ വളരുന്നത് മദ്​റസകളിലെന്ന മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂറിന്‍റെ പ്രസ്താവന വിവാദത്തിൽ. ഇന്ദോറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് എല്ലാ തീവ്രവാദികളും മദ്​റസകളിലാണ് വളരുന്നതെന്ന പരാമർശം ഉഷ താക്കൂർ നടത്തിയത്.

തീവ്രവാദികൾ ജമ്മു കശ്മീരിനെ ഒരു തീവ്രവാദ ഫാക്ടറിയാക്കി മാറ്റിയെന്നും മന്ത്രി ആരോപിച്ചു. ദേശീയത പാലിക്കാൻ കഴിയാത്ത മദ്​റസകൾ, നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായവുമായി ലയിപ്പിച്ച് സമൂഹത്തിന്‍റെ സമ്പൂർണ പുരോഗതി ഉറപ്പാക്കണമെന്നും ഉഷ താക്കൂർ ആവശ്യപ്പെട്ടു.

നിങ്ങൾ ഈ രാജ്യത്തെ ഒരു പൗരനാണെങ്കിൽ, എല്ലാ തീവ്രവാദികളും മദ്​റസയിൽ പഠിച്ചതായി കാണാമെന്ന് സദസിനോട് മന്ത്രി പറഞ്ഞു. കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കുന്നതിൽ മദ്​റസകൾ പരാജയപ്പെടുന്നതായും ഉഷ താക്കൂർ പറഞ്ഞു.

സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മദ്​റസകൾ അടച്ചുപൂട്ടുമെന്ന് അസം ധനകാര്യ-ആസൂത്രണ വകുപ്പ്​ മന്ത്രി ഹിമന്ദ ബിസ്വ ശർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ദോറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ കൂടിയായ ഉഷ താക്കൂറിന്‍റെ വിവാദ പരാമർശം.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ ദേശീയവാദിയാണെന്ന 2019 മേയിലെ ഉഷ താക്കൂറിന്‍റെ പരാമർശം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.