ന്യൂഡൽഹി: ദില്ലിയിലെ മുണ്ട്ക തീപിടിത്ത കേസിൽ മൂന്ന് പ്രതികളേയും ഡൽഹി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കെട്ടിട ഉടമയായ മനീഷ് ലക്ര, കമ്പനി ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെ അഞ്ച് ദിവസത്തേക്കാണ് മെട്രോപോളിറ്റൻ ജഡ്ജി ഉദിത ജെയിൻ ഗാർഗ് കസ്റ്റഡിയിൽ വിട്ടത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ബുധനാഴ്ചയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. പ്രതി ഹരീഷ് ഗോയലിന്‍റെ ആരോഗ്യസ്ഥിതി ശ്രദ്ധിക്കാൻ ജയിൽ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. മൂന്ന് പേരേയും 23ന് കോടതിയിൽ ഹാജരാക്കും.
അന്വേഷണം തുടരുകയാണെന്നും പ്രതികളെ അഞ്ച് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും ഡൽഹി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം അഭിഭാഷകരായ പ്രദീപ് ആര്യയും കപിൽ ധാക്കയും ജുഡീഷ്യൽ കസ്റ്റഡിയെ കോടതിയിൽ എതിർത്തു.
27 മൃതദേഹങ്ങൾ കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തതായും ഇതിൽ എട്ട് പേരെ തിരിച്ചറിഞ്ഞതായും പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ശേഷിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. ഇതിനായി ഡി.എൻ.എ പരിശോധന നടത്തും. കമ്പനിയിൽ ജോലി ചെയ്തിരുന്നവരുടെ ലിസ്റ്റും ഇതിന് ആവശ്യമാണ്. ഇവ കമ്പനി ഉടമകളായ ഹരീഷ് ഗോയലിന്‍റെയും വരുൺ ഗോയലിന്‍റെയും പക്കലാണ്. ഇവരുടെ പിതാവും തീപിടുത്തത്തിൽ മരിച്ചെന്നും ഇദ്ദേഹത്തിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞതായും പൊലീസ് കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ 27 പേർ മരിക്കുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടത്തിന് െെലസൻസ് ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തൽ. കെട്ടിടത്തിൽ പ്രവർത്തിച്ച ഗോയൽ സഹോദരങ്ങളുടെ കമ്പനിക്കുള്ളിലാണ് തീപിടിച്ചത്. ദുരന്തത്തില്‍ അന്വേഷണം നടത്തുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.