ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി സർക്കാറിന് ഭരണത്തുടർച്ച കിട്ടിയതിനു പിന്നാലെ മഥുരയിലെ ശാഹി ഈദ് ഗാഹ് പള്ളി കൃഷ്ണ ജന്മസ്ഥാനായി പ്രഖ്യാപിക്കണമെന്ന ഹരജി പുനഃസ്ഥാപിച്ച് അലഹാബാദ് ഹൈകോടതി.
മഥുരയിലെ പള്ളിഭൂമിയിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമിക്കുമെന്ന് ബി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ജയിച്ചതിനു പിന്നാലെയാണ് ബാബരി മസ്ജിദ് കേസിനെ ഓർമിപ്പിക്കുന്ന കോടതി വ്യവഹാരം. 2021 ജനുവരി 19ന് ഹരജിക്കാരൻ ഇല്ലെന്നു പറഞ്ഞ് തള്ളിയ ഹരജി വീണ്ടും പരിഗണിക്കണമെന്ന ആവശ്യം അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിച്ചു. തള്ളിക്കളഞ്ഞ കേസിന്റെ നമ്പർ തന്നെ ഇട്ട് അതേ കേസ് ജൂലൈ 25ന് പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചു. പള്ളി തകർത്ത് ഭൂമി ഹിന്ദുക്കൾക്ക് കൈമാറണമെന്നാണ് ഹരജിക്കാരനായ അഡ്വ. മഹേക് മഹേശ്വരിയുടെ ആവശ്യം.
പള്ളികൾ ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും അതിനാൽ പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതുവരെ ആ പള്ളിയിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് ആരാധനക്ക് അനുവദിക്കണമെന്നും ഹരജിയിലുണ്ട്. പള്ളിയുടെ അടിയിൽ ഖനനം നടത്താൻ കേന്ദ്ര സർക്കാറിന്റെ പുരാവസ്തു വകുപ്പിനെ ഏൽപിക്കണമെന്ന മറ്റൊരു ഹരജിയും കോടതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.