ന്യൂഡൽഹി: ബി.ജെ.പി പിന്തുണ പിൻവലിച്ചതു മൂലം മഹ്ബൂബ മന്ത്രിസഭ നിലംപൊത്തിയ ജമ്മു-കശ്മീരിൽ ബദൽ സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യത കോൺഗ്രസ് തള്ളി. പി.ഡി.പിയുമായി സഖ്യത്തിനില്ല. തെരഞ്ഞെടുപ്പു തന്നെയാണ് ജമ്മു-കശ്മീരിൽ അടുത്ത വഴി. ഗവർണർ ഭരണത്തിലായ സംസ്ഥാനത്ത് ഭാവി നടപടികൾ ഭരണഘടനക്ക് അനുസൃതമായി സ്വീകരിക്കേണ്ടത് ഗവർണറാണ് -മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ വസതിയിൽ ചേർന്ന കോൺഗ്രസിെൻറ കശ്മീർകാര്യ സമിതി എടുത്ത നിലപാട് ഇതാണ്.
മൻമോഹനു പുറമെ, മുതിർന്ന നേതാക്കളായ കരൺ സിങ്, പി. ചിദംബരം, കശ്മീർ ചുമതല വഹിക്കുന്ന അംബിക സോണി, പി.സി.സി അധ്യക്ഷൻ ഗുലാം അഹ്മദ് മിർ എന്നിവരാണ് യോഗത്തിൽ പെങ്കടുത്തത്. പി.ഡി.പിയുമായി ചേർന്ന് കോൺഗ്രസ് സർക്കാർ രൂപവത്കരണത്തിന് ശ്രമം നടക്കുന്നുവെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.
ജമ്മു-കശ്മീരിലെ സാഹചര്യങ്ങൾ കാത്തിരുന്നു കാണുക എന്നതാണ് കോൺഗ്രസ് നയം. നാഷനൽ കോൺഫറൻസും ബദൽ സർക്കാർ രൂപവത്കരണത്തിന് എതിരാണ്. സർക്കാർ രൂപവത്കരിക്കാനുള്ള ജനവിധി മൂന്നുവർഷം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് കിട്ടിയിട്ടില്ല എന്നാണ് അവരുടെ പ്രഖ്യാപിത നിലപാട്. നിയമസഭ നിലനിർത്തി സർക്കാർ രൂപവത്കരിക്കാനുള്ള നീക്കത്തെ പിന്തുണക്കില്ലെന്ന്, സി.പി.എം എം.എൽ.എ മുഹമ്മദ് യൂസുഫ് തരിഗാമി വ്യക്തമാക്കി. 87 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 44 സീറ്റാണ്. പി.ഡി.പി 28, ബി.ജെ.പി 25, നാഷനൽ കോൺഫറൻസ് 15, കോൺഗ്രസ് 12 എന്നിങ്ങനെയാണ് പ്രധാന പാർട്ടികളുടെ അംഗബലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.