കൂടുതൽ വായ്പ; മുഖം തിരിച്ച് കേന്ദ്രം

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതൽ വായ്പ എടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് കേന്ദ്രസർക്കാറിന് തണുപ്പൻ പ്രതികരണം.

ധനമന്ത്രാലയ പ്രതിനിധികളുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ 19,351 കോടി രൂപ കൂടി നടപ്പു സാമ്പത്തിക വർഷം വായ്പയെടുക്കാൻ അനുവദിക്കണമെന്നാണ് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രതിനിധി സംഘം ആവശ്യപ്പെട്ടത്. എന്നാൽ അനുകൂല പ്രതികരണം ഉണ്ടായില്ല. സുപ്രീംകോടതിയിൽ ധാരണയായ 13,608 കോടി രൂപ മാത്രം അനുവദിക്കുമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്‍റേത്. ഇത്രയും തുക അനുവദിക്കാമെന്ന വാഗ്ദാനം കേന്ദ്രം നേരത്തേ നൽകിയതാണ്.

സുപ്രീംകോടതി ചോദിച്ചപ്പോൾ സംസ്ഥാന സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു. ഇതിൽ കൂടുതലായി എത്ര പണം വേണമെന്ന കാര്യം പരസ്പരം ചർച്ചചെയ്ത് തീരുമാനിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്. അധികം ആവശ്യപ്പെട്ട തുകയുടെ കാര്യത്തിൽ മുഖംതിരിച്ച കേന്ദ്രം മറ്റു നിർദേശങ്ങളൊന്നും മുന്നോട്ടുവെച്ചതുമില്ല.

ധനമന്ത്രാലയത്തിൽ വെള്ളിയാഴ്ച രാവിലെ നടന്ന ചർച്ചയിൽ കേരളത്തെ പ്രതിനിധാനംചെയ്ത് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനു പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, ഫിനാൻസ് റിസോഴ്സസ് അഡീഷനൽ സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായ മിർ മുഹമ്മദ് അലി എന്നിവരും കേന്ദ്ര ധനകാര്യ സെക്രട്ടറി ഡോ. ടി.വി. സോമനാഥനും പങ്കെടുത്തു.

Tags:    
News Summary - Allowed to borrow 19,351 crore more -Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.