ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി. സെപ്തംബർ ഏഴ് വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജമ്യം നിലനിൽക്കുമെന്ന് സുപ്രീംകോടതി അറയിച്ചു. ഉത്തർ പ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
എന്നാൽ, ഡൽഹിയിലും ലാഖിംപൂരിലും എടുത്ത കേസുകളിൽ ജൂഡീഷ്യൽ കസ്റ്റഡിയിലായതിനാൽ സുബൈറിന് പുറത്തിറങ്ങാനാകില്ല. അതേസമയം, ഡൽഹിയിൽ എടുത്ത കേസിൽ ജാമ്യം ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹരജി പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
മുഹമ്മദ് സുബൈറിനെ മറ്റൊരു കേസിൽ ഉത്തർപ്രദേശിലെ ലഖിംപൂർ കോടതി ഇന്നലെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്ന പരാതിയിൽ 2021 സെപ്റ്റംബറിൽ ഫയൽ ചെയ്ത കേസിൽ സുബൈറിനെതിരെ വെള്ളിയാഴ്ച യു.പി പൊലീസ് വാറന്‍റ് സമ്പാദിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
1983 ലെ കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.