അമരീന്ദർ സിംഗ് ബി.ജെ.പി മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നു -മനീഷ് സിസോദിയ

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബി.ജെ.പി മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നുവെന്ന് ആം ആദ്മി നേതാവ് മനീഷ് സിസോദിയ. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സിസോദിയയുടെ പ്രതികരണം.


ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്നലെ ബി.ജെ.പി നേതാക്കളെ കണ്ടു, ഇപ്പോൾ അദ്ദേഹം ബി.ജെ.പിയെ പ്രതിരോധിക്കുകയാണ്. കർഷകരുടെ പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് അപകടമാണെന്ന് അദ്ദേഹം പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രി ബി.ജെ.പി മുഖ്യമന്ത്രിയെപ്പോലെയാണ് പെരുമാറുന്നത്. അവരുടെ ശൈലിയിലാണ് സംസാരിക്കുന്നതെന്നും സിസോദിയ പറഞ്ഞു.

അതേസമയം താനും സർക്കാരും ഒരു തരത്തിലും മധ്യസ്ഥതയിൽ ഏർപ്പെട്ടിട്ടില്ലെന്നും കേന്ദ്രവും കർഷകരും തമ്മിലെ പ്രശ്‌നം അവർ പരിഹരിക്കേണ്ടതുണ്ടെന്നും ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമരീന്ദർ സിംഗ് പറഞ്ഞിരുന്നു.

അതേസമയം നാലാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ കർഷകർ സമരം ശക്തമാക്കി. അതിർത്തികളിലേക്ക് കൂടുതൽ കർഷകർ എത്തിയതോടെ ഗതാഗത സംവിധാനം താറുമാറായി. കാർഷിക ബില്ലുകൾക്കെതിരെ നടക്കുന്ന സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച വിഗ്യാൻ ഭവനിൽ നടന്ന 7 മണിക്കൂർ നീണ്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. ചർച്ചയിൽ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് കർഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

'തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരും. കർഷകർക്ക് നവംബർ-ഡിസംബർ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളിൽ പലരും ഇവിടെയെത്തി പ്രതിഷേധിക്കാൻ വേണ്ടി കൃഷി താത്കാലികമായി ഉപേക്ഷിച്ചു. ആദ്യ ദിവസം മുതൽ ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അതേപടി നിലനിൽക്കുന്നു' -കർഷക യൂണിയൻ പ്രതിനിധികൾ പറഞ്ഞു.

നാലാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെ ഡിസംബർ അഞ്ചിന് വീണ്ടും യോഗം ചേരാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കാർഷിക ഉൽപന്നങ്ങൾക്കുള്ള താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ് -എം‌.എസ്‌.പി)യിൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്നും അതിൽ കൈവെക്കില്ലെന്നും ഉറപ്പുനൽകിയതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കർഷക നേതാക്കൾക്ക് ഉറപ്പുനൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.