ന്യൂഡൽഹി: പഞ്ചാബിൽ കർഷക സമരത്തെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അമരീന്ദർ സിങ്. ആവശ്യം ഉന്നയിച്ച് അമരീന്ദർ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. കർഷക സംഘടന നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
ട്രെയിൻ സർവിസ് പുനരാരംഭിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിച്ച് കേന്ദ്രസർക്കാർ മഹാമനസ്കത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ചരക്കുട്രെയിനുകൾ സർവിസ് നടത്താൻ തുടങ്ങുകയാണെങ്കിൽ പാസഞ്ചർ ട്രെയിനുകളും സർവിസ് നടത്താൻ അനുവാദം നൽകാമെന്ന് കർഷക സംഘടനകൾ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
ചരക്ക് ട്രെയിൻ സർവിസ് മാത്രമായി പുനസ്ഥാപിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിരുന്നു. ഒന്നുകിൽ പാസഞ്ചർ, ചരക്കു ട്രയിനുകൾ സർവിസ് നടത്തും, അല്ലെങ്കിൽ രണ്ടു സർവിസുകളും നടത്തില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്.
കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ കർഷക സമരം ശക്തമായിരുന്നു. തുടർന്ന് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ട്രെയിൻ തടയൽ സമരം ആരംഭിച്ചു. സമരം ശക്തമായതോടെ ഇന്ത്യൻ റെയിൽവേ പഞ്ചാബിലേക്കുള്ള ട്രെയിൻ സർവിസുകൾ റദ്ദാക്കി. ചരക്ക് ട്രെയിൻ ഓടാതായതോടെ കർഷകർക്ക് ആവശ്യമായ വളവും മറ്റും കീടനാശിനികളും തെർമൽ വൈദ്യുത പ്ലാൻറിലേക്കുള്ള കൽക്കരിയുമെല്ലാം എത്താതെയായി. ഇത് വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
ട്രെയിൻ സർവിസ് റദ്ദാക്കിയതുമൂലം സംസ്ഥാനം നേരിടുന്ന പ്രതിസന്ധിക്ക് കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാറിനും ഉത്തരവാദിത്തമുണ്ടെന്ന് അമരീന്ദർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.