മുംബൈ: ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ രാജിക്കും സി.ബി.െഎ അന്വേഷണത്തിനും വഴിവെച്ച് അഴിമതി ആരോപണമുന്നയിച്ച മുൻ മുംബൈ പൊലീസ് കമിഷണർ പരംബീർ സിങ്ങിനെതിരെ അന്വേഷണം. മഹാരാഷ്ട്ര സർക്കാരിന്‍റെ ഉത്തരവിൽ സംസ്ഥാന സെക്യൂരിറ്റി കോർപറേഷൻ മേധാവി സഞ്ജയ് പാണ്ഡെ അന്വേഷണം തുടങ്ങി. അന്വേഷണ റിപ്പോർട്ട് പരംബീറിനെതിരായാൽ സസ്പെൻഷന് വഴിവെക്കും.
പരംബീർ സിങ്ങിന്‍റെ കീഴിൽ അസിസ്റ്റൻറ് ഇസ്പെക്ടർ സച്ചിൻ വാസെ അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ, അംബാനി ഭീഷണി കേസിലെ വിവരങ്ങൾ പരംബീർ സിങ്ങ് സർക്കാറിൽ നിന്ന് മറച്ചുവെച്ചോ, സച്ചിന്‍റെ വഴിവിട്ട പ്രവർത്തനങ്ങൾ പരംബീറിന്‍റെ അറിവോടെയാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ബാർ, റസ്റ്റാറണ്ട് ഉടമകളിൽ നിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാൻ സച്ചിൻ വാസെയോട് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പരംബീർ മുഖ്യമന്ത്രിക്ക് കത്തയച്ചതിനൊപ്പം ആ കത്ത് മാധ്യമങ്ങൾക്ക് ചോർന്നത് എങ്ങിനെയെന്നും അന്വേഷിക്കും. ആരോപണവുമായി സുപ്രീം, ഹൈകോടതികളെ സമീപിച്ചത് വഴി സർവിസ് ഛട്ടങ്ങൾ പരംബീർ ലംഘിച്ചോ എന്നും പരിശോധിക്കണം.
അംബാനി ഭീഷണി കേസിൽ സച്ചിൻ വാസെ അറസ്റ്റിലായതോടെയാണ് പരംബീറിനെ മുംബൈ പൊലീസ് കമിഷണർ പദവിയിൽ നിന്ന് മാറ്റിയത്. തുടർന്ന് കമീഷണർ പദവിയിലെത്തിയ ഹേമന്ത് നഗ്രാലെയോട് സച്ചിൻ വാസെയുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇൗ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെയെ എതിർപ്പുകൾ അവഗണിച്ച് പരംബീർ സിങ്ങിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് സർവിസിൽ തിരിച്ചെടുത്തതെന്നും ക്രൈം ഇൻറലിജൻസ് യൂണിറ്റിന്‍റെ (സി.െഎ.യു) മേധാവിയാക്കിയതെന്നും ഹേമന്ത് നഗ്രാലെയുടെ റിപ്പോർട്ടിൽ ആരോപിച്ചു. സീനിയർ ഇൻസ്പെക്ടർ സി.െഎ.യു മേധാവിയായിരിക്കണമെന്നിരിക്കെ രണ്ട് സീനിയർ ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റിയാണ് അസിസ്റ്റൻറ് ഇൻസ്പെക്ടറായ സച്ചിനെ നിയമിച്ചതെന്നും പറയുന്നു. ക്രൈംബ്രാഞ്ച് മേധാവിയായ ജോയിൻറ് കമീഷണറുടെ എതിർപ്പിനെ അവഗണിച്ചാണിത്. പ്രമാദമായ കേസുകളുടെ അന്വേഷണം സച്ചിനെ ഏൽപിച്ചതും പരംബീറാണ്. വകുപ്പ് മേധാവിയടക്കം മേലുദ്യോഗസ്ഥരെ മറികടന്ന് പരംബീറിന് നേരിട്ടാണ് സച്ചിൻ റിപ്പോർട്ട് ചെയ്തിരുന്നതും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.