ന്യൂഡൽഹി: ആറു മാസം മുമ്പാണ് ആരിഫ് ഖാൻ ഡൽഹി സീലംപൂരിലെ വീട്ടിൽനിന്നിറങ്ങിയത്. കൃത്യമായി പറഞ്ഞാൽ കോവിഡ് ഡൽഹി നഗരത്തിൽ പിടിമുറുക്കിയ ആദ്യ ആഴ്ച മുതൽ. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും കോവിഡ് ബാധിച്ചു മരിച്ചവരെ വീടുകളിലും ശ്മശാനങ്ങളിലുമെത്തിക്കാനും ചീറിപ്പാഞ്ഞിരുന്ന ആംബുലൻസിെൻറ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്നതിെൻറ ഇടവേളകളിൽ നടത്തിയ കാളുകളിലൂടെയാണ് ഭാര്യയെയും നാലു മക്കളെയും കണ്ടിരുന്നത്. ഇടക്ക് വല്ലപ്പോഴും ഉടുപ്പോ മറ്റെന്തെങ്കിലും അവശ്യവസ്തുക്കളോ എടുക്കാൻ വീട്ടിൽ ചെല്ലുമായിരുന്നു.
ശഹീദ് ഭഗത്സിങ് സേവാദൾ എന്ന സന്നദ്ധ സംഘടന ഡൽഹിയിലെ ഹിന്ദു റാവ് ആശുപത്രിക്കു മുന്നിൽ നിയോഗിച്ച ഡ്രൈവറായിരുന്ന ഖാൻ ഇനിയൊരിക്കലും വീട്ടിലെത്തില്ല, വീട്ടുകാരെത്തേടി വിളികളുമെത്തില്ല. ഒരു ആംബുലൻസിനുള്ളിൽ ഉയിരറ്റ ദേഹമായി ഖാൻ ഈ ലോകം വിട്ട് പറന്നുപോയിരിക്കുന്നു. ശനിയാഴ്ചയാണ് കോവിഡ് ബാധയെ തുടർന്ന് ഈ 48കാരൻ മരിച്ചതെന്ന് സഹപ്രവർത്തകൻ ജിതേന്ദ്രകുമാർ പറഞ്ഞു.
200 ലേറെ മൃതദേഹങ്ങളാണ് ഖാൻ മറവുചെയ്യാൻ കൊണ്ടുപോയത്. മരണാനന്തര ചടങ്ങുകൾക്ക് പണമില്ലാത്തവർക്ക് അത് സംഘടിപ്പിച്ച് നൽകും, കർമങ്ങൾ നിറവേറ്റാൻ ആളില്ലെങ്കിൽ അതും നിർവഹിക്കും -അത് ഹിന്ദുവിെൻറയോ മുസ്ലിമിേൻറയോ എന്ന ഭേദഭാവങ്ങളില്ലാതെ. ബില്ലടക്കാൻ പണമില്ലാഞ്ഞതിെൻറ പേരിൽ കോവിഡ് രോഗികളുടെ മൃതദേഹം വിട്ടുനൽകാൻ ഒരു ആശുപത്രി കൂട്ടാക്കാഞ്ഞപ്പോഴും ഖാൻ അവിടെ രക്ഷകനായെത്തി- വിടപറഞ്ഞ സേവകനെക്കുറിച്ച് സേവാദൾ സ്ഥാപകൻ ജിതേന്ദ്ര സിങ് ശന്തി ഓർത്തുപറയുന്നു.
സമ്പന്നനായിരുന്നില്ല അയാൾ. 16,000 രൂപയായിരുന്നു ഖാെൻറ പ്രതിമാസ പ്രതിഫലം. 9000 രൂപ വീട്ടുവാടകയും കുടുംബത്തിെൻറ മറ്റു ചെലവുകളുമെല്ലാം അതിൽനിന്ന് കണ്ടെത്തണമായിരുന്നു. പക്ഷേ, ഏതു ദാരിദ്ര്യത്തെയും മറികടക്കുന്ന വിശാലമായ ഒരു ഹൃദയമുണ്ടായിരുന്നു ആ മനുഷ്യന്.
ഈ മാസം ആദ്യമാണ് അസുഖ ലക്ഷണങ്ങൾ കണ്ട് ഖാൻ കോവിഡ് പരിശോധന നടത്തിയത്. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖാെൻറ നിര്യാണത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.