ന്യൂഡൽഹി: വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും വഖഫ് ബോർഡുകളുടേയും വഖഫ് ട്രൈബ്യൂണലുകളുടെയും ചിറകരിഞ്ഞുള്ള വിവാദ നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഭേദഗതി പ്രകാരം വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും മുസ്ലിം ഇതരവിഭാഗക്കാർക്കും പ്രാതിനിധ്യമുണ്ടാവും. വനിതകളും ഇതിൽ അംഗങ്ങളാകും.
വഖഫ് ഭൂമിയുടെ രജിസ്ട്രേഷനായി പ്രത്യേക പോർട്ടൽ സജ്ജീകരിക്കുമെന്നും ബില്ലിൽ നിർദേശമുണ്ട്. നിലവിലെ വഖഫ് നിയമത്തിൽ 40 ഭേദഗതികൾ നിർദേശിക്കുന്ന ബിൽ നിയമമായാൽ, ഏതെങ്കിലും വഖഫ് സ്വത്തിന്മേൽ ആരെങ്കിലും അവകാശവാദമുന്നയിച്ചാൽ സർക്കാർ പരിശോധന നിർബന്ധമാകും.
വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറക്കുന്ന തരത്തിൽ ഘടനയിൽ നടത്തുന്ന അഴിച്ചുപണിയാണ് രണ്ടാമത്തെ പ്രധാന മാറ്റം. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ പുതിയ ബില്ലിൽ എടുത്തുകളഞ്ഞിട്ടുമുണ്ട്. വഖഫ് ബോർഡുകൾക്കുമേൽ സർക്കാർ നിയന്ത്രണം വരുന്നതോടെ ബോർഡുകളുടെ സ്വാതന്ത്ര്യവും സ്വയംഭരണവും നഷ്ടമാകും. വഖഫ് ട്രൈബ്യൂണലുകൾക്കുള്ള അധികാരത്തിലും വെള്ളം ചേർക്കപ്പെടും. രാജ്യത്തൊട്ടാകെയുള്ള 8.7 ലക്ഷം വഖഫ് സ്വത്തുക്കൾ 9.4 ലക്ഷം ഏക്കർ വരുമെന്നാണ് കേന്ദ്ര സർക്കാർ കണക്ക്.
1954ലെ വഖഫ് നിയമത്തിൽ 1996ലും 2013ലും പാർലമെന്റിൽ ഭേദഗതികൾ കൊണ്ടുവന്നാണ് വഖഫ് കൈയേറ്റങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനും വഖഫ് ബോർഡുകൾക്ക് അധികാരാവകാശങ്ങൾ നൽകിയത്. എന്നാൽ, വഖഫ് സംരക്ഷണത്തിനായി കൊണ്ടുവന്ന ഇത്തരം വ്യവസ്ഥകൾ എടുത്തുമാറ്റുന്നതാണ് വിവാദ ബിൽ.
നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗെസറ്റ് വിജ്ഞാപനത്തിലൂടെ ,വഖഫ് പട്ടികയിൽപ്പെടുത്തിയ സ്വത്തുക്കളിലും പുനഃപരിശോധനക്കും സർക്കാർ ഇടപെടലിനും ഇത് വഴിയൊരുക്കും. വഖഫ് സ്വത്തുക്കൾക്കുമേൽ സ്വകാര്യവ്യക്തികൾ അവകാശത്തർക്കം ഉന്നയിച്ചാലും സർക്കാർ മേൽനോട്ടത്തിൽ നിർബന്ധ പരിശോധന ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ
- വഖഫ് തർക്കങ്ങളിൽ വഖഫ് ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും എന്നത് നീക്കം ചെയ്തു. ഇതോടെ വഖഫ് സ്വത്തുക്കൾ തീരുമാനിക്കുന്ന കാര്യത്തിൽ അവസാന വാക്ക് സർക്കാറിന്റേതാകും.
- വഖഫ് തർക്കങ്ങളിൽ വഖഫ് ട്രൈബ്യൂണലുകളുടെ തീരുമാനം അന്തിമമായിരിക്കും എന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു.
- ഏത് വ്യക്തിക്കും അവനവന്റെ സ്ഥാവര ജംഗമ വസ്തുക്കൾ വഖഫ് ചെയ്യാമെന്ന വ്യവസ്ഥ മാറ്റി പുതിയ ബിൽ പ്രകാരം അഞ്ച് വർഷമായി മതം അനുഷ്ഠിക്കുന്ന ഒരാൾക്ക് മാത്രമേ വഖഫ് ചെയ്യാനാകൂ.
- ‘വഖഫ് അലൽ ഔലാദ്’ എന്ന പേരിൽ കുടുംബത്തിനായി വഖഫ് ചെയ്തത് വേണ്ടെന്നുവെക്കാൻ സ്ത്രീകൾ അടക്കമുള്ള അനന്തരാവകാശികൾക്ക് പിൽക്കാലത്ത് അവകാശമുണ്ടാകും.
- ഇസ്ലാമിക നിയമപ്രകാരം സ്വത്തുക്കൾ വഖഫ് ചെയ്യുന്നത് കൂടുതലായും വാക്കാലായിരുന്നുവെങ്കിലും വാക്കാലുള്ള വഖഫ് ഇനി അംഗീകരിക്കില്ല. രജിസ്ട്രേഷൻ നിർബന്ധമാക്കി.
- സ്വത്തോ വസ്തുവകയോ ഉപയോഗത്തിലൂടെ വഖഫ് ആകുന്നതും പൂർണമായും പുതിയ ബില്ലിൽ ഒഴിവാക്കി. നമസ്കാരം നടക്കുന്ന പള്ളി ‘വഖഫ്നാമ’ ഇല്ലെങ്കിലും വഖഫായി പരിഗണിക്കുന്ന നിലവിലുള്ള രീതി ഇനി അനുവദിക്കില്ല. അത് വഖഫല്ലെന്ന അവകാശവാദമുന്നയിക്കാൻ വ്യവസ്ഥ അവസരമൊരുക്കും.
- സുന്നി വഖഫും ശിയാ വഖഫും ആഗാഖാനി വഖഫും ബോറ വഖഫും വെവ്വേറെ ഉൾപ്പെടുത്തണം. സംസ്ഥാന സർക്കാറുകൾക്ക് വേണമെങ്കിൽ ശിയാക്കൾക്കും ബോറകൾക്കും ആഗാഖാനികൾക്കും വ്യത്യസ്ത വഖഫ് ബോർഡ് ഉണ്ടാക്കാം.
- ഭേദഗതിക്ക് മുമ്പുള്ള എല്ലാ വഖഫ് സ്വത്തുക്കളുടെയും വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുതുതായി തയാറാക്കുന്ന പോർട്ടലിൽ ആറ് മാസത്തിനകം സമർപ്പിക്കണം.
- ഈ നിയമഭേദഗതിക്ക് മുമ്പോ പിമ്പോ ഏതെങ്കിലും സർക്കാർ സ്വത്ത് വഖഫ് സ്വത്താണെന്ന് കണ്ടെത്തുകയോ പ്രഖ്യാപിക്കുകോ ചെയ്താലും അത് വഖഫ് സ്വത്തായിരിക്കില്ല.
- നിയമ ഭേദഗതി നിലവിൽ വരുന്ന സമയത്ത് സർവേ കമീഷണറുടെ മുമ്പാകെ തീർപ്പാകാത്ത സർവേ ഫയലുകൾ കലക്ടർക്ക് കൈമാറണം. കലക്ടർ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
- ഗസറ്റിലെ വഖഫ് സ്വത്ത് വിശദാംശങ്ങൾ 15 ദിവസത്തിനകം സം സ്ഥാന സർക്കാർ പോർട്ടലിൽ ഉൾപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.