ബംഗ്ലാദേശിൽ ഹിന്ദുകൾക്കെതിരെ മതമൗലികവാദികൾ നടത്തുന്നത് ആ​സൂത്രിത അക്രമമെന്ന് രാംദേവ് ; 'ഇന്ത്യ ഇടപെടണം'

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് യോഗ ഗുരു ബാബ രാംദേവ്. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് രാംദേവിന്റെ പ്രതികരണം. ഹിന്ദുക്കളുടെ വീടുകൾ, ക്ഷേത്രങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് രാംദേവ് രംഗത്തെത്തി. ഹിന്ദുക്കൾക്കെതിരെ മതമൗലികവാദികൾ ആസൂത്രിത ആക്രമണമാണ് നടത്തുന്നതെന്നും ബാബ രാംദേവ് പറഞ്ഞു.

ഹിന്ദുക്കൾക്കെതിരെ നടക്കുന്നത് നാണക്കേടുണ്ടാക്കുന്നതും അപകടകരവുമായ അക്രമമാണ്. ഹിന്ദുക്കളെ ഇന്ത്യ സംരക്ഷിക്കണം. ഇന്ത്യ ഇക്കാര്യത്തിൽ ജാഗ്രതയോടെ ഇടപ്പെട്ട് ഹിന്ദു അമ്മമാരേയും സഹോദരിമാരേയും പെൺമക്കളേയും സഹോദരൻമാരേയും സംരക്ഷിക്കണം. രാജ്യം മുഴുവൻ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കൾക്കൊപ്പം നിൽക്കണമെന്നും ബാബ രാംദേവ് ആവശ്യ​പ്പെട്ടു.ബംഗ്ലാദേശ് സൃഷ്ടിക്കാൻ സഹായം നൽകിയത് ഇന്ത്യയാണ്. അതിന് നമുക്ക് കഴിയുമെങ്കിൽ ഹിന്ദുസഹോദരൻമാ​രെ സംരക്ഷിക്കാനും നമുക്ക് സാധിക്കണമെന്നും രാംദേവ് പറഞ്ഞു.

നേരത്തെ ബംഗ്ലാദേശിലെ ഭരണ വിരുദ്ധ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഹൈന്ദവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ മുസ്‍ലിം പള്ളികളിൽനിന്ന് ആഹ്വാനം ഉയർന്നിരുന്നു. പ്രക്ഷോഭ രംഗത്തുള്ള വിദ്യാർഥി സംഘടനയായ ‘ആന്‍റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്‍റ് മൂവ്മെന്‍റി​ന്‍റെ’ നിർദേശപ്രകാരമാണ് ഹിന്ദുക്കളുടെ സംരക്ഷണത്തിന് ഉച്ചഭാഷിണികളിലൂ​ടെ ആഹ്വാനം ചെയ്തത്.

‘പ്രിയ പൗരന്മാരെ ‘വിവേചനത്തിനെതിരായ വിദ്യാർത്ഥികൾ’ എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളായ ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുകയാണ്. രാജ്യത്ത് അശാന്തിയുടെ ഈ കാലഘട്ടത്തിൽ നാമെല്ലാവരും സാമുദായിക സൗഹാർദം നിലനിർത്തണം. ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ ജീവനും സമ്പത്തും ദുഷ്ടശക്തികളിൽനിന്നും സംരക്ഷിക്കുക. ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും ജാഗരൂകരായിരിക്കണമെന്നും’ പള്ളികളിൽ നിന്നും വ്യക്തമാക്കി.

`

Tags:    
News Summary - ‘I fear that India will protect Hindus in bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.