ന്യൂഡൽഹി: യു.പിയിലെ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം ഏഴിൽ നിന്ന് രണ്ടായി ചുരുങ്ങിയ തെരഞ്ഞെടുപ്പിൽ നെഹ്റു കുടുംബത്തിന്റെ തട്ടകമായ റായ്ബറേലി, അമേത്തി ജില്ലകൾ പാർട്ടിയെ കൈവിട്ടു. 10 സീറ്റിൽ മത്സരിച്ചെങ്കിലും കിട്ടിയത് പൂജ്യം. 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആറും കോൺഗ്രസ്-സമാജ്വാദി പാർട്ടി സഖ്യം നാലും സീറ്റാണ് നേടിയത്. അതിൽ റായ്ബറേലി, ഹർചന്ദ്പുർ സീറ്റുകളിൽ കോൺഗ്രസാണ് ജയിച്ചത്.
എന്നാൽ, റായ്ബറേലി എം.എൽ.എ അദിതി സിങ്ങും ഹർചന്ദ്പുർ എം.എൽ.എ രാകേഷ് സിങ്ങും പിന്നീട് കോൺഗ്രസ് വിട്ട് ബി.ജെ.പിക്കൊപ്പം പോയി. റായ്ബറേലിയിൽ അദിതി സിങ് തന്നെ ജയിച്ചു. എന്നാൽ രാകേഷ് സിങ് സമാജ്വാദി പാർട്ടിയിലെ രാഹുൽ രാജ്പുതിനോട് തോറ്റു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ തോറ്റ രാഹുൽ ഗാന്ധി, നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസം മാത്രമാണ് പ്രചാരണത്തിന് അവിടെ എത്തിയത്. റായ്ബറേലി മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിക്കാകട്ടെ, ആരോഗ്യപരമായ കാരണങ്ങളാൽ പ്രചാരണത്തിന് ഇറങ്ങാൻ കഴിഞ്ഞില്ല. എന്നാൽ പ്രിയങ്കഗാന്ധി എല്ലായിടത്തും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.