ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുന്ന തിരക്കിലാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിലേക്ക് തിരിച്ച നിതീഷ് കുമാർ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി.
ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. ഡൽഹി സർക്കാരിനെതിരായ കേന്ദ്രസർക്കാരിന്റെ അനീതിക്കെതിരെ ഒരുമിച്ചു പോരാടുമെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചു. ഡൽഹിയിലെ എ.എ.പി സർക്കാരിനെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് രാജ്യസഭയിൽ പരാജയപ്പെടുത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും സഹകരണമുണ്ടാകണമെന്ന് കെജ്രിവാൾ അഭ്യർഥിച്ചു. അങ്ങനെ വന്നാൽ രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ മത്സരമായി അതിനെ വിലയിരുത്താം. 2024ൽ ബി.ജെ.പി അധികാരത്തിൽ വരില്ലെന്ന സന്ദേശമാണ് അത് ജനങ്ങൾക്കു നൽകുകയെന്നും കെജ്രിവാൾ പറഞ്ഞു.
ശരിയായി പ്രവർത്തിക്കാൻ സുപ്രീംകോടതി ഡൽഹി സർക്കാരിന് അധികാരം നൽകിയിട്ടുണ്ട്. നിങ്ങൾക്ക് അത് എങ്ങനെ എടുത്തുമാറ്റാൻ കഴിയും. ഇത് അദ്ഭുതം തന്നെ. നമ്മൾ എ.എ.പിക്കൊപ്പം നിൽക്കണം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണം. ബി.ജെ.പിക്കെതിരെ കൂടുതൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അതിനാൽ രാജ്യവ്യാപകമായി ഒരു കാമ്പയിൻ തന്നെ നടത്താനും തയാറാണ്.''-നിതീഷ് കുമാർ പറഞ്ഞു. നിയമസംവിധാനം പൂർണമായും പാലിക്കപ്പെടണം. അവിടെ ജനങ്ങളുടെ ഐക്യമുണ്ടാകും. ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച നിതീഷ് കുമാർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും.
കേന്ദ്രത്തിന്റെ നീക്കം ജനാധിപത്യത്തിന് അപകടകരമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. ഭരണഘടന മാറ്റിയെഴുതാനാണ് അവർ ശ്രമിക്കുന്നത്. അതിന് നമ്മൾ അനുവദിക്കരുത്-അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രീംകോടതിവിധി മറികടക്കാനായാണ് പുതിയ ഭരണസംവിധാനം വ്യവസ്ഥചെയ്യുന്ന ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ അപ്രതീക്ഷിത നീക്കം നടത്തിയത്. സംസ്ഥാനത്തെ ഗ്രൂപ്പ്-എ ഓഫിസർമാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉൾപ്പെടെയുള്ളവ തീരുമാനിക്കുന്നതിന് അധികാരമുള്ള മൂന്നംഗങ്ങളടങ്ങിയ ‘നാഷനൽ കാപ്പിറ്റൽ സിവിൽ സർവീസ് അതോറിറ്റി’ രൂപവത്‌കരിക്കാൻ വെള്ളിയാഴ്ച രാത്രിവൈകി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. ആറാഴ്ചത്തെ വേനലവധിക്ക് സുപ്രീംകോടതി അടച്ചതിനുപിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.