ഭോപാൽ: മധ്യപ്രദേശിൽ കുരങ്ങിന്‍റെ സംസ്കാരത്തിനായി തടിച്ചുകൂടിയത് 1500ഓളം പേർ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു കുരങ്ങിന്‍റെ സംസ്കാരം.
ഡിസംബർ 29നാണ് സംഭവം. കുരങ്ങ് ചത്തതിന്‍റെ മനോവിഷമത്തിൽ രാജ്ഗഡ് ജില്ലയിലെ ദലുപുത ഗ്രാമവാസികൾ ചടങ്ങുകൾ സംഘടിപ്പിക്കുകയായിരുന്നു. ചടങ്ങിന്‍റെ വിഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു. ചടങ്ങ് സംഘടിപ്പിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുരങ്ങിന്‍റെ ജഡവുമായി ആളുകൾ പോകുന്നതും സംസ്കാര ചടങ്ങിൽ സ്തുതിഗീതങ്ങൾ ആലപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചടങ്ങുകളുടെ ഭാഗമായി പ്രദേശവാസിയായ ഹരി സിങ് തന്‍റെ മുടി മുറിക്കുകയും ചെയ്തിരുന്നു.
ഗ്രാമത്തിലെ പതിവ് സഞ്ചാരിയായിരുന്നു ഈ കുരങ്ങൻ. കുരങ്ങൻ ചത്തതോടെ ഗ്രാമവാസികൾ പണം പിരിച്ചാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ചടങ്ങിന് ക്ഷണിച്ച് കാർഡുകൾ അച്ചടിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്നു. സംസ്കാരത്തിന് ശേഷം ഒരു പന്തലിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഇരിക്കുന്നതും പുരുഷൻമാർ ഭക്ഷണം വിളമ്പുന്നതും വിഡിയോയിൽ കാണാം.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നതിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന സമയത്താണ് 1500ഓളം പേർ പങ്കെടുത്ത സംസ്കാര ചടങ്ങ് സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.