ചെന്നൈ: വംശീയ കലാപത്തിൽ വലയുന്ന മണിപ്പൂരിലെ കായിക താരങ്ങളെ പരിശീലനത്തിന് തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മകനും സംസ്ഥാന കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഇതിനുള്ള സൗകര്യം ഒരുക്കാമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.
‘ഏഷ്യൻ ഗെയിംസ്, ഖേലോ ഇന്ത്യ എന്നിവ നടക്കാനിരിക്കെ, മണിപ്പൂരിലെ കായിക താരങ്ങൾക്ക് നിലവിൽ അവിടെ പരിശീലനം നടത്താൻ കഴിയുന്നില്ല. തമിഴ്നാട്ടിൽ മണിപ്പൂരിലെ കായിക താരങ്ങൾക്ക് പരിശീലനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന് നിർദേശം നൽകിയിട്ടുണ്ട്’ -സ്റ്റാലിൻ പ്രസ്താവനയിൽ അറിയിച്ചു.
കായിക വകുപ്പിനു കീഴിൽ താരങ്ങൾക്ക് ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾ തന്നെ ഒരുക്കി നൽകാമെന്ന് ഉദയനിധി ഉറപ്പുനൽകിയിട്ടുണ്ട്. ഖേലോ ഇന്ത്യയുടെ 2024 പതിപ്പിന് തമിഴ്നാടാണ് വേദിയാകുന്നത്. ‘മണിപ്പൂർ "ചാമ്പ്യന്മാരെ, പ്രത്യേകിച്ച് വനിത ചാമ്പ്യന്മാരെ" സൃഷ്ടിക്കുന്നതിന് പേരുകേട്ടതാണ്. മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങളെ തമിഴ്‌നാട് വലിയ ആശങ്കയോടെയും വേദനയോടെയുമാണ് നോക്കികാണുന്നത്’ -സ്റ്റാലിൻ കൂട്ടിച്ചേർത്തു.
സ്നേഹവും കരുതലുമാണ് തമിഴ് സംസ്കാരത്തിന്‍റെ മുഖമുദ്രയെന്ന് പറഞ്ഞ സ്റ്റാലിൻ, "എല്ലാ സ്ഥലവും എന്‍റേതാണ്, എല്ലാ ആളുകളും എന്‍റെ ബന്ധുക്കളാണ്" എന്ന പ്രസിദ്ധ വചനവും ചൂണ്ടിക്കാട്ടി. മണിപ്പൂർ കായികതാരങ്ങൾക്ക് തമിഴ്‌നാട്ടിൽ പരിശീലനം നൽകുന്നതിനുള്ള നിർദേശത്തിന്‍റെ അടിസ്ഥാനം ഇതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പരിശീലനം നടത്താനാകുന്നില്ലെന്ന പരാതിയുമായി മണിപ്പൂരിലെ നിരവധി കായിക താരങ്ങൾ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.