ഡല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഡല്‍ഹിയില്‍ വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കുമെന്നാണ് വിവരം.

ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ വേണ്ടത്ര ബെഡുകള്‍ ലഭ്യമല്ലാത്തത് ചര്‍ച്ചയാകും. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ അനുവദിക്കണമെന്നും ചികിത്സ കേന്ദ്രങ്ങള്‍ തുറക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ ഡല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാന്‍, നീതി ആയോഗ് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.

ഡല്‍ഹിയിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ അമിത് ഷായും കെജ്രിവാളും രണ്ട് തവണ ഇതിനോടകം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടിരുന്നു. കൂടാതെ ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായതും വെല്ലുവിളിയായിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെന്ന വിമര്‍ശനവുമായി ഡല്‍ഹി ഹൈകോടതി രംഗത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.