ന്യൂഡൽഹി: 2047ന് മുമ്പായി രാജ്യത്തുനിന്ന് വൈദേശിക അടിമത്തത്തിന്റെ മുഴുവൻ അടയാളങ്ങളും മായ്ച്ചുകളയുമെന്ന ബി.ജെ.പി വാഗ്ദാനം നടപ്പാക്കുന്നതാണ് ക്രിമിനൽ നിയമങ്ങളിലെ സമൂലമാറ്റമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബ്രിട്ടീഷുകാർ ഇന്ത്യക്കാരിൽനിന്നുള്ള സംരക്ഷണത്തിനുണ്ടാക്കിയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യക്കാരുടെ സംരക്ഷണത്തിനുള്ള നിയമമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യക്കാർക്ക് നീതി നൽകുകയായിരുന്നില്ല, മറിച്ച് ഇന്ത്യക്കാരെ ശിക്ഷിക്കുകയായിരുന്നു ബ്രിട്ടീഷുകാരുണ്ടാക്കിയ ക്രിമിനൽ നിയമങ്ങളുടെ ലക്ഷ്യമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
ചെറിയ കുറ്റകൃത്യങ്ങൾക്ക് ‘സമ്മറി ട്രയൽ’; ഒളിവിലായാൽ അസാന്നിധ്യത്തിൽ വിചാരണ
- മോഷണം, മോഷണ വസ്തുക്കൾ കൈവശം വെക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങൾ പെട്ടെന്ന് വിചാരണ നടത്തി ശിക്ഷ വിധിക്കാൻ പുതുതായി ‘സമ്മറി ട്രയൽ’ വ്യവസ്ഥ ചെയ്യുന്നു.
- മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഉഭയകക്ഷി സമ്മതപ്രകാരം സമ്മറി ട്രയൽ നടത്താൻ മജിസ്ട്രേറ്റിന് അധികാരം.
- ഒരു കേസിൽ വിചാരണ മാറ്റിവെക്കാൻ ഒരു വക്കീലിന് രണ്ട് തവണ മാത്രമേ ആവശ്യപ്പെടാനാകൂ. അല്ലെങ്കിൽ വക്കീലിനെ മാറ്റണം.
- സർക്കാർ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി 120 ദിവസത്തിനകം നൽകണം. 120 ദിവസം കഴിഞ്ഞാൽ അനുമതി ലഭിച്ചതായി കണക്കാക്കി വിചാരണ തുടങ്ങാം.
- ഒളിവിൽ കഴിയുന്ന കുറ്റവാളികളെ അവരുടെ അസാന്നിധ്യത്തിൽ വിചാരണ ചെയ്യാനുള്ള പുതിയ വകുപ്പ് ശിക്ഷാ നിയമത്തിലുൾപ്പെടുത്തി.
- ഇതു പ്രകാരം ഏതു വിദേശ രാജ്യത്തുള്ള പ്രതികളെയും വിചാരണ നടത്തി ശിക്ഷിക്കാനും ആ ശിക്ഷ ബന്ധപ്പെട്ട രാജ്യത്തെ അറിയിക്കാനും കഴിയും
- പൊലീസ് സ്റ്റേഷൻ പരിധി നോക്കാതെ കേസെടുക്കാൻ സീറോ എഫ്.ഐ.ആർ
- കുറ്റകൃത്യത്തിന്റെ സ്ഥലം നോക്കാതെ സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനിലും സീറോ എഫ്.ഐ.ആർ ഇടാം
- അറസ്റ്റിലായവരുടെ ബന്ധപ്പെട്ടവരെ വിവരമറിയിക്കാൻ എല്ലാ ജില്ലയിലും എല്ലാ സ്റ്റേഷനുകളിലും പ്രത്യേക പൊലീസ് ഉദ്യോഗസ്ഥർ
- പരാതിയിലുള്ള അന്വേഷണ പുരോഗതി 90 ദിവസത്തിനകം പൊലീസ് പരാതിക്കാരനെ അറിയിക്കണം
- സ്ത്രീ പീഡന കേസുകളിൽ വനിത മജിസ്ട്രേറ്റ്
- തെളിവ് നിയമത്തിൽ രേഖകൾക്ക് പുതിയ വ്യാഖ്യാനം
- ഇലക്ട്രോണിക് ഡിജിറ്റൽ റെക്കോഡുകൾ തെളിവാകും
- ഇ-മെയിൽ, സർവർ ലോഗ്, കമ്പ്യൂട്ടർ രേഖകളും തെളിവാകും
- സ്മാർട്ട് ഫോൺ, ലാപ്ടോപ്, വെബ്സൈറ്റ്, ലൊക്കേഷൻ എന്നിവയും തെളിവ്
- എഫ്.ഐ.ആർ, സമൻസുകൾ, കേസ് ഡയറി, കുറ്റപത്രം, വിധിപ്രസ്താവം എന്നിവ ഡിജിറ്റലാകും
- സാക്ഷി മൊഴികളും അന്വേഷണവും വിചാരണയും ഡിജിറ്റലാകും
- റെയ്ഡിനും കണ്ടുകെട്ടലിനും പൊലീസ് സാങ്കേതിക വിദ്യ ഉപയോഗിക്കും
- റെയ്ഡും കണ്ടുകെട്ടലും പൂർണമായും വിഡിയോ റെക്കോഡ് ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.