ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാർശങ്ങൾ തുടർന്ന് ബി.ജെ.പി നേതാക്കൾ. ഏറ്റവുമൊടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിദ്വേഷപരാമർശം നടത്തിയത്. റമദാൻ മാസത്തിൽ തടസമില്ലാതെ വൈദ്യുതി നൽകിയ സമാജ്‍വാദി പാർട്ടി സർക്കാർ ജന്മാഷ്ടമിക്ക് അത് നൽകിയില്ലെന്നായിരുന്നു അമിത് ഷായുടെ പരാമർശം.
യു.പിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ ആരോപണം. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകിൽ രാമക്ഷേത്രം നിർമിച്ചവർക്ക് വോട്ട് ചെയ്യാം. അല്ലെങ്കിൽ രാമഭക്തൻമാർക്ക് നേരെ നിറയൊഴിച്ചവർക്ക് വേണ്ടി വോട്ട് ചെയ്യാമെന്ന് അമിത് ഷാ പറഞ്ഞു.
സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മാഫിയകളെ ഉപയോഗിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ്. യോഗി ആദിത്യനാഥാണ് ക്രിമിനലുകളെ അമർച്ച ചെയ്തത്. റമദാനിൽ തടസമില്ലാതെ വൈദ്യുതി ലഭിച്ചു. അല്ലാത്ത സമയത്ത് മൂന്ന് മണിക്കൂർ മാത്രമാണ് വൈദ്യുതി വിതരണം ഉണ്ടായിരുന്നത്. എന്നാൽ, ജന്മാഷ്ടമിക്ക് തടസമില്ലാതെ വൈദ്യുതി ലഭിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണി കഴിയുമ്പോൾ വോട്ടിങ് യന്ത്രത്തിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് തങ്ങൾ തോറ്റതെന്ന അവകാശവാദവുമായി അഖിലേഷും രാഹുലും രംഗത്തെത്തും. ആദ്യത്തെ അഞ്ച് റൗണ്ട് പൂർത്തിയാകുമ്പോൾ തന്നെ ബി.ജെ.പി 300 സീറ്റിൽ വിജയിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.