ന്യൂഡൽഹി: വയനാട് ദുരന്തം രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ആക്രമിക്കാനുള്ള ആയുധമായി ബി.ജെ.പി കർണാടക എം.പി തേജസ്വി സൂര്യ ഉപയോഗിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്.
രാഹുൽ ഗാന്ധിക്കെതിരെ പ്രസംഗിക്കുന്നതിന് മുമ്പും പിമ്പും തേജസ്വി സൂര്യയെ വിളിച്ചുവരുത്തി അമിത് ഷാ ദീർഘമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് സൗഗത റോയ് ഇത്തരമൊരു ആരോപണമുന്നയിച്ചത്. എന്നാൽ പ്രസംഗം ഹിന്ദിയിൽ നടത്തണമെന്ന കാര്യമാണ് താൻ തേജസ്വിയുമായി സംസാരിച്ചത് എന്നായിരുന്നു അമിത് ഷായുടെ മറുപടി.
വയനാട് ദുരന്തത്തിൽ വേണുഗോപാലിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം പരിഗണിക്കുന്നതിന് മുമ്പ് ലോക്സഭയിൽ സഹമന്ത്രി നിത്യാനന്ദ് റായിക്കൊപ്പമെത്തിയ അമിത് ഷാ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനെ കൊണ്ട് തേജസ്വി സൂര്യയെ തന്റെ ഇരിപ്പിടത്തിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുവരും സംസാരിച്ച ശേഷമായിരുന്നു രാഹുൽ വയനാടിനെ കുറിച്ച് മിണ്ടിയില്ലെന്നും പശ്ചിമ ഘട്ട വിഷയം പറഞ്ഞതിന് കോൺഗ്രസ് പി.ടി തോമസിനെ പുറത്താക്കിയെന്നുമൊക്കെ ആരോപിച്ചുള്ള തേജസ്വി സൂര്യയുടെ സംസാരം.
വ്യാജ ആരോപണങ്ങൾ പറയാൻ അനുവദിച്ച സ്പീക്കറെ ചോദ്യം ചെയ്ത് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്ക് കുതിച്ചു. സഭ ബഹളത്തിൽ മുങ്ങിയതോടെ സൂര്യയുടെ പ്രസംഗം തടസപ്പെടുകയും സ്പീക്കർ മൈക്ക് ഓഫാക്കുകയും ചെയ്തു. സഭ നാലു മണി വരെ നിർത്തിവെച്ച നേരത്ത് അമിത് ഷാ വീണ്ടും തേജസ്വിയെ തന്റെ ഇരിപ്പിടത്തിനടുത്തേക്ക് വിളിച്ചുവരുത്തി സംസാരിച്ചു. ശേഷം സഭ രണ്ടാമതും ചേർന്ന് എം.പിമാരുന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാനായി അമിത് ഷാ എഴുന്നേറ്റപ്പോഴാണ് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് താങ്കളാണ് ഇതെല്ലാം പറയിപ്പിച്ചതെന്ന് അമിത് ഷായെ നോക്കി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.