ന്യൂഡൽഹി: ദുബൈയിലെ റോഡുകളിൽ ട്രക്ക് ഓടിച്ചിരുന്ന അമൃത്പാൽ സിങ്ങിന്റെ മാറ്റം വളരെ പെട്ടെന്നായിരുന്നു. പഞ്ചാബിൽ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായുള്ള ചങ്ങാത്തം. പിന്നീട് പ്രഭാഷകനായി. അതിനുശേഷം ‘ഖലിസ്ഥാൻ’ അനുകൂലിയായി. ഇന്ത്യയിൽനിന്ന് പഞ്ചാബിനെ വേർപെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ഇയാളെ ‘ഭിന്ദ്രൻവാലെ 2’ എന്നു വിളിച്ചു.
2022ൽ ദുബൈൽനിന്ന് മടങ്ങിയെത്തിയ അമൃത്പാലിന്റെ സ്വപ്നങ്ങൾ ഓരോ ഘട്ടത്തിലും അതിമോഹങ്ങളായി മാറി. നടൻ ദീപ് സിദ്ധു രൂപവത്കരിച്ച ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയിൽ സജീവമായി ഇടപെട്ടു.
പിന്നീട്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെയും ഭീഷണിപ്പെടുത്തുന്നിടത്തുവരെ കാര്യങ്ങളെത്തി. തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ തന്റെ സഹായിയെ 2022 ഫെബ്രുവരിയിൽ മോചിപ്പിച്ചതിന് പിന്നാലെ ഭരണഘടനയെയും ആഭ്യന്തര മന്ത്രിയെയും പരസ്യമായി വെല്ലുവിളിച്ചു. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ തരൺ തരണിലെ റാലിയിലും മാധ്യമ അഭിമുഖങ്ങളിലും വിഘടനവാദത്തെയും ഖലിസ്ഥാൻ രൂപവത്കരണത്തെയും പരസ്യമായി പിന്തുണച്ചു. ‘ഖലിസ്ഥാൻ’ എന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾക്കെതിരെ സായുധ കലാപത്തിന് ഇറങ്ങാനും അമൃത്പാൽ സിഖ് യുവാക്കളോട് ആഹ്വാനം ചെയ്തെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സിഖുകാരല്ലാത്തവർ നിയന്ത്രിക്കുന്ന സർക്കാറിന് പഞ്ചാബ് ഭരിക്കാൻ അവകാശമില്ലെന്നും റാലികളിൽ ആവർത്തിച്ചു.
1984ൽ ഓപറേഷൻ ബ്ലൂ സ്റ്റാറിനിടെ കൊല്ലപ്പെട്ട ഭീകരൻ ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ വസ്ത്രധാരണവും പെരുമാറ്റവും അമൃത്പാൽ പകർത്തി. ഭിന്ദ്രൻവാലയെപ്പോലെ സായുധരായ ഒരുകൂട്ടം അംഗരക്ഷകരെ കൂടെ കൊണ്ടുനടക്കുകയും ചെയ്തു.
ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷന്റെ തലവനും ഇന്ത്യയിൽ വിവിധ കേസുകളിൽ അന്വേഷണം നേരിടുന്നയാളുമായ ലഖ്ബീർ സിങ് റോഡുമായി അമൃത്പാലിന് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.