ന്യൂഡൽഹി: വാരിസ് പഞ്ചാബ് ദെ മേധാവിയായ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് സിഖ് വിശ്വാസിയല്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ദുബൈയിൽ ആഡംഭര ജീവിതം നയിക്കുകയായിരുന്നു ഇയാളെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് അമൃത് പാൽ സിങ് വിവാഹിതനായത്. ഭാര്യ കിരൺദീപ് കൗറിന്റെ കുടുംബം പഞ്ചാബിൽ നിന്നുള്ളവരാണെങ്കിലും വർഷങ്ങളായി യു.കെയിൽ താമസമാണ്. കിരൺദീപ് കൗർ യു.കെ പൗരനാണ്. അമൃത്പാൽ ഭാര്യയെ നിരന്തരം മർദിക്കാറുണ്ടെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
അമൃത്പാൽ നിരന്തരം തായ്‍ലന്റ് യാത്ര നടത്താറുണ്ടായിരുന്നു. ഇയാൾക്ക് തായ്‍ലാന്റിൽ മറ്റൊരു ഭാര്യയോ ബന്ധമോ ഉണ്ടെന്നും റിപ്പോർട്ടിൽ ആരോപണമുണ്ട്. അമൃത് പാലിന് മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ സംശയിച്ചതിന് ഭാര്യയെ തടങ്കലിലാക്കിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അമൃത് പാൽ അയാളുടെ ഭൂതകാലത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് 2022 വരെ ഇയാൾ ദുബൈയിൽ ട്രക്ക് ഡ്രൈവറായിരുന്നു. ഇന്ത്യയിൽ വന്നാണ് വാരിസ് പഞ്ചാബ് ദെയുടെ തലവനായത്. ഇയാൾ സ്വയം ഭിന്ദ്രെവാലെയെപ്പോലെയാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയും അനുയായികൾ ഭിന്ദ്രെവാലെ 2.0 എന്ന് വിളിക്കുകയും ചെയ്യുന്നു.
അമൃത്പാൽ വിദേശത്തായിരുന്നപ്പോൾ ഇയാൾ സിഖ് മതാചാരങ്ങൾ പിന്തുടർന്നിരുന്നില്ല. ദുബൈയിൽ മയക്കുമരുന്ന് മാഫിയകളുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. അമൃത്പാൽ ഖലിസ്ഥാൻ നേതാവാകുന്നതിന് മുമ്പ് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുന്ന നിരവധി വാട്സ് ആപ്പ് ചാറ്റുകൾ പുറത്തായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുനു.
വാരിസ് പഞ്ചാബ് ദെയുടെ വിദേശ പണമിടപാട് സംബന്ധിച്ച് പൊലീസ് കിരൺദീപ് കൗറിനെ ചോദ്യം ചെയ്തിരുന്നു. മാർച്ച് 18നാണ് വാരിസ് പഞ്ചാബ് ദെക്കെതിരായ പൊലീസ് നടപടി ആരംഭിച്ചത്. സംഘടനയുടെ നിരവധി അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, അമൃത്പാൽ സിങ് ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.