ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക ഞെരുക്കം മറികടക്കാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കർഫ്യൂ അവസാനിച്ചതിന് ശേഷം അർധരാത്രിയിലിട്ട ട്വീറ്റിലാണ് ചിദംബരം അഭിപ്രായമുന്നയിച്ചത്.
ജനത കർഫ്യൂ അവസാനിച്ചു. ഇന്നുണ്ടായ അനുഭവം കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രിമാർക്ക് അവരുടെ സംസ്ഥാനങ്ങളിലെ വിവിധ മേഖലകൾ അടച്ചിടാൻ പ്രചോദനം നൽകി. ഇത്തരം ധീരമായ നടപടി സ്വീകരിച്ച മുഖ്യമന്ത്രിമാരെ നാം അഭിനന്ദിക്കണം. ഇനി കോവിഡ് 19 രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിക്കാൻ പോകുന്ന സാമ്പത്തിക നടപടികളിലേക്ക് കൂടി നമ്മുടെ ശ്രദ്ധയെത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നിലവിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം കോവിഡ് ബാധയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് സത്യമല്ല. അതിന് മുേമ്പ ജി.ഡി.പി വളർച്ച നിരക്കിൽ കുറവുണ്ടായിരുന്നു. ഫാക്ടറികൾ ജോലിക്കാരെ പിരിച്ചുവിട്ടു. ചെറുകിട നിർമാതാക്കൾ ധനപ്രവാഹത്തിൻെറ പ്രശ്നങ്ങൾ അനുഭവിച്ചു. കൊറോണ വൈറസിൻെറ പശ്ചാത്തലത്തിലുള്ള സാമ്പത്തിക തകർച്ചക്ക് കാരണക്കാർ കേന്ദ്ര സർക്കാരാണ്. തൊഴിലും വേതനവും സംരക്ഷിക്കലാണ് ഒരു സർക്കാരിൻെറ പ്രാഥമിക ഉത്തരവാദിത്തമെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിലെഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.