ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസും പ്രതിപക്ഷ പാർട്ടിയായ തെലുങ്കുദേശം പാർട്ടിയും തമ്മിൽ ഏറ്റുമുട്ടൽ. അക്രമികൾ പ്രാദേശത്തെ ടി.ഡി.പി ഓഫീസ് ആക്രമിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് വിജയവാഡ വിമാനത്താവളത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ഗണ്ണവാരം ടൗണിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എ വല്ലഭനേനി വംശി മോഹനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ അനുയായികളാണ് ആക്രമണം നടത്തിയതെന്ന് ടി.ഡി.പി ആരോപിച്ചു.
അതേസമയം, ടി.ഡി.പി അനുഭാവികൾ വൈ.എസ്.സി.ആർ.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സംഘർഷത്തെ തുടർന്ന് ടി.ഡി.പി ദേശീയ വക്താവ് കൊമ്മിറെഡ്ഡി പട്ടാഭിരാമൻ ഉൾപ്പെടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അക്രമികൾ വാഹനത്തിന് തീയിടുന്നതും പൊലീസിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിൽ കാണാം.
ടി.ഡി.പിയിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും അക്രമത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കലാപത്തിന് കേസെടുത്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.