ന്യൂഡൽഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തിനിടയിൽ ഡൽഹി സന്ദർശനത്തിന് എത്തിയ ജർമൻ ചാൻസലർ അംഗല മെർകലിന് പുകയിൽ പൊതിഞ്ഞ ഗാർഡ് ഓഫ് ഓണർ. രാവിലെ പുക കലർന്ന അന്തരീക്ഷം വകവെക്കാതെയാണ് മെർകൽ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ ഔപചാരിക വരവേൽപ് സ്വീകരിച്ചത്.
സ്കൂളുകൾ അടച്ചിടാനും ജനങ്ങൾ മാസ്ക് ധരിക്കാനും നിർബന്ധിതമായ മലിനീകരണ സാഹചര്യത്തിനിടയിൽ ചാൻസലർ എത്തിയതാകട്ടെ കാലാവസ്ഥ മാറ്റം, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ-ജർമൻ സഹകരണം വർധിപ്പിക്കുന്ന നടപടികളുടെകൂടി ഭാഗമായാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്കൊപ്പം ഇതുമായി ബന്ധപ്പെട്ട വിവിധ ധാരണപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തു.
പതിവിനു വിപരീതമായി അംഗല മെർകൽ ദേശീയഗാനം ആലപിക്കുന്നതിനിടയിലും ഇരുന്നാണ് ഗാർഡ് ഓഫ് ഓണർ ചടങ്ങിൽ പങ്കെടുത്തത്. ഇത് അസാധാരണമാണ്. എന്നാൽ, അനാദരവായിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാൽ, അധികസമയം നിൽക്കാൻ മെർകലിന് കഴിയില്ല. അതുകൊണ്ട് സന്ദർശനത്തിനു മുമ്പായിത്തന്നെ ജർമൻ ഭരണകൂടം ഇക്കാര്യം അറിയിച്ചിരുന്നു.
ദേശീയ ഗാനാലാപനത്തിനിടയിൽ എഴുന്നേറ്റു നിൽക്കണമെന്ന ചട്ടം മെർകലിെൻറ കാര്യത്തിൽ ബാധകമാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മലിനീകരണം വഴി കാലാവസ്ഥ മാറ്റത്തിെൻറ ഭവിഷ്യത്തുകൾ വർധിക്കുന്നതിനിടയിൽ, ഡൽഹിയിൽ ജർമൻ സഹകരണത്തോടെ സ്ഥാപിച്ച സൗരോർജ പദ്ധതി കാണാൻ മെർകൽ ശനിയാഴ്ച മെട്രോ ട്രെയിനിൽ യാത്രചെയ്ത് ദ്വാരക സന്ദർശിക്കുന്നുണ്ട്. അവിടത്തെ സ്റ്റേഷൻ മേൽക്കൂരയിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചത് ജർമൻ ധനസഹായത്തോടെയാണ്.
സർക്കാറുകൾ തമ്മിലെ ഔപചാരിക കൂടിയാലോചനകളുടെ ഭാഗമായാണ് ജർമൻ ചാൻസലറുടെ ഇന്ത്യ സന്ദർശനം. വിദ്യാഭ്യാസം, ഡിജിറ്റൽ സാങ്കേതികവിദ്യ സഹകരണം, സ്റ്റാർട്ടപ്, വ്യോമയാനം, ഭക്ഷ്യം തുടങ്ങി വിവിധ മേഖലകളിൽ ധാരണപത്രങ്ങൾ ഒപ്പുവെച്ചു.
മോദിയും മെർകലും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന മലിനീകരണം അടക്കമുള്ള വിവിധ വിഷയങ്ങൾ ഒന്നിച്ചു നേരിടുമെന്ന പ്രഖ്യാപനം നടത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ജർമൻ ചാൻസലർ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.