മണിപ്പൂരിനെ കുറിച്ച് മിണ്ടാതെ മോദിയു​ടെ ‘മന്‍ കി ബാത്'; റേഡിയോ എറിഞ്ഞുപൊട്ടിച്ച് പ്രതിഷേധം

ഇംഫാല്‍: വംശീയ കലാപത്തിൽ 50 ദിവസമായി എരിയുന്ന മണിപ്പൂരിനെ കുറിച്ച് ഒരക്ഷരം ​പോലും ഉരിയാടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി 'മന്‍ കി ബാത്'. നടുറോഡിൽ റേഡിയോ എറിഞ്ഞുപൊട്ടിച്ചും തീയിട്ടും മണപ്പൂരി ജനത പ്രധാനമന്ത്രിയോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചു. മേയ് മൂന്നിന് തുടങ്ങിയ കലാപത്തിൽ ഇതുവരെ 110 പേർ​ കൊല്ലപ്പെട്ടു. 60,000 ലേറെ പേര്‍ കിടപ്പാടം വിട്ട് പലായനം ചെയ്തതായാണ് കണക്ക്.

ജനജീവിതം ദുസ്സഹമായി കാര്യങ്ങൾ കൈവിട്ട നിലയിലായിട്ടും മണിപ്പൂരിനെ കുറിച്ച് ഒന്നും മിണ്ടാത്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഇന്നലെ മന്‍ കി ബാത്തിന്റെ 102-ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്തപ്പോൾ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. ഇംഫാല്‍ വെസ്റ്റ്, കാക്കിങ് ജില്ലകളിലാണ് കടുത്ത പ്രതിഷേധം അരങ്ങേറിയത്.

'മന്‍ കി ബാത് വേണ്ട മണിപ്പുര്‍ കി ബാത് മതി', 'ലജ്ജിക്കൂ മോദി, മന്‍ കി ബാത്തില്‍ മണിപ്പുരിനെ കുറിച്ച് ഒരു വാക്ക് പോലുമില്ലേ', 'മന്‍ കി ബാത് പോലുള്ള നാടകങ്ങള്‍ അവസാനിപ്പിക്കൂ' തുടങ്ങിയ പോസ്റ്ററുകളുമായി എത്തിയ ജനം മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് റേഡിയോകൾ തകർത്തത്.

‘49 ദിവസമായി മണിപ്പൂർ കത്തുകയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല’ -കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ‘നൂറുകണക്കിന് ആളുകൾ മരിച്ചു, ആയിരങ്ങൾ ഭവനരഹിതരായി, എണ്ണമറ്റ പള്ളികളും ആരാധനാലയങ്ങളും തകർത്തു. അക്രമം ഇപ്പോൾ മിസോറാമിലേക്കും വ്യാപിക്കുകയാണ്. കഴിഞ്ഞ കുറേ നാളുകളായി മണിപ്പൂരി നേതാക്കൾ പ്രധാനമന്ത്രി മോദിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണ്. ഈ അവഗണന പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കും സംഘർഷം നീട്ടിക്കൊണ്ടു പോകാൻ താൽപ്പര്യമുണ്ടെന്നതിന്റെ തെളിവാണ്’ -വേണുഗോപാൽ കൂട്ടിച്ചേർത്തു.

"സ്വയം പ്രഖ്യാപിത വിശ്വഗുരു എപ്പോഴാണ് "മണിപ്പൂർ കി ബാത്ത്" കേൾക്കുകയെന്ന് വേണുഗോപാൽ ചോദിച്ചു. എപ്പോഴാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുക, സമാധാനത്തിനായുള്ള ലളിതമായ ആഹ്വാനം നടത്തുക? സമാധാനം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയോടും മണിപ്പൂർ മുഖ്യമന്ത്രിയോടും അദ്ദേഹം എപ്പോഴാണ് വിശദീകരണം ചോദിക്കുക?’ -വേണുഗോപാൽ ചോദിച്ചു.

‘എന്തൊരു വിഡ്ഡിയാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി. മണിപ്പൂർ ഇനിയും ദുരിതങ്ങളിൽ നിന്ന് കരകയറിയിട്ടില്ല. വെറുപ്പിന്റെ അഗ്നിയിൽ രാജ്യം ഇപ്പോഴും നീറിപ്പുകയുകയാണ്. കോവിഡ് കാലത്ത് രാഹുൽഗാന്ധി ആവ​ശ്യപ്പെട്ടത് എത്രയും വേഗം എല്ലാവർക്കും വാക്സിൻ നൽകാനാണ്. അറിവുകെട്ടവൻ മാത്രമല്ല നുണയനുംകൂടിയാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി’-കോൺഗ്രസ് വക്താവ് സുജാത പോൾ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Angry at no mention of Manipur in narendra modi's Mann Ki Baat, protesters smash radio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.